തിരുവനന്തപുരം: സൈക്കിൾ പോളോ താരം നിദ ഫാത്തിമയുടെ മൃതശരീരം ശനിയാഴ്ച രാവിലെ 6.30ന് നെടുമ്പാശ്ശേരിയിലെത്തും. ഇന്ന് ഉച്ചയോടെയാണ് പോസ്റ്റുമോർട്ടം പൂർത്തിയാക്കിയത്. എംബാം ചെയ്ത മൃതദേഹം വെള്ളിയാഴ്ച രാത്രി 10 മണിക്ക് നാഗ്പൂരിൽ നിന്ന് ബാംഗ്ലൂരിലെത്തിക്കും. അവിടെ നിന്നാണ് നെടുമ്പാശേരിയിലേക്ക് കൊണ്ടുവരുന്നത്.
മൃതദേഹം വിമാനത്താവളത്തിൽ നിന്ന് ആലപ്പുഴ അമ്പലപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് ഏർപ്പാടാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചതായി കായിക മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു.
നിദയുടെ പിതാവ് ശിഹാബ് നാഗ്പൂരിലെത്തി. ബൈസിക്കിൾ പോളോ അസോസിയേഷൻ ഭാരവാഹികളും അദ്ദേഹത്തോടൊപ്പമുണ്ട്. നാഗ്പൂരിലെ ആശുപത്രി ചെലവിനും മൃതദേഹം കൊണ്ടുവരുന്നതിനുമായി സംസ്ഥാന സ്പോർട്സ് കൗൺസിൽ അഞ്ച് ലക്ഷം രൂപ അനുവദിച്ചു.
കായിക മന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ, മഹാരാഷ്ട്ര മുഖ്യമന്ത്രി എന്നിവർക്ക് മന്ത്രി വി അബ്ദുറഹിമാൻ കത്തയച്ചിരുന്നു. കുട്ടിയുടെ പെട്ടെന്നുള്ള മരണവുമായി ബന്ധപ്പെട്ട് നീതിയുക്തമായ നടപടി സ്വീകരിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. കുട്ടിയുടെ പോസ്റ്റുമോര്‍ട്ടവും മറ്റ് കാര്യങ്ങളും ഏകോപിപ്പിക്കാൻ ആലപ്പുഴ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. നാഗ്പൂരിലെ മലയാളി അസോസിയേഷനുകളുടെ പ്രതിനിധികൾ ആശുപത്രിയിൽ സജീവമായി സഹായങ്ങള്‍ക്ക് രംഗത്തുണ്ട്.