ലണ്ടന്‍: യുകെയിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചു. ഇവിടെ നിന്ന് വൈക്കം ഇത്തിപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുപോകും. അവിടെ പൊതുദര്‍ശനത്തിന് വെക്കും. കേസിൽ പ്രതിയായ അഞ്ജുവിന്റെ ഭർത്താവ് സാജുവിന് പരമാവധി ശിക്ഷ നൽകണമെന്ന് അഞ്ജുവിന്റെ പിതാവ് ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷം ഡിസംബർ 14നാണ് അഞ്ജു (40), മക്കളായ ജീവ (6), ജാന്‍വി (4) എന്നിവരെ ഭർത്താവ് സാജു കൊലപ്പെടുത്തിയത്. സുഹൃത്തുക്കളും ബന്ധുക്കളും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ സംശയം തോന്നിയ സുഹൃത്തുക്കൾ വീട്ടിലെത്തി പരിശോധിക്കുകയായിരുന്നു. വീട് അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. ഇവർ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി വീട് തുറന്നപ്പോഴാണ് അഞ്ജുവിനെയും മക്കളെയും രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ജുവിനെ മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ കുട്ടികളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തുടർന്ന് നടത്തിയ പരിശോധനയിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ശരീരത്തിൽ മുറിവുകളുണ്ടാക്കുകയായിരുന്നുവെന്ന് കണ്ടെത്തി. സംഭവത്തിൽ അഞ്ജുവിന്റെ ഭർത്താവ് കണ്ണൂർ പടിയൂർ കൊമ്പൻപാറ സ്വദേശി ചെലേവാലന്‍ സാജുവിനെ (52) പൊലീസ് കസ്റ്റഡിയിലെടുത്തു.