ന്യൂഡൽഹി: ലഡാക്കിലെ ഗാൽവാൻ താഴ്വരയിൽ തിങ്കളാഴ്ചയുണ്ടായ ഏറ്റുമുട്ടലിന് ഉത്തരവാദികൾ ചൈനീസ് സൈനികരാണെന്നും പ്രകോപനം ആസൂത്രിതമാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി. ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിച്ചാല്‍ അത് ഉഭയകക്ഷി ബന്ധത്തെ സാരമായി ബാധിക്കുമെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യിയുമായി ജയശങ്കര്‍ ചർച്ച നടത്തിയിരുന്നു.
ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ഇന്ത്യയോട് “സംഘർഷത്തിന് ഉത്തരവാദികളായവരെ കഠിനമായി ശിക്ഷിക്കണമെന്നും മുൻനിര സൈനികരെ നിയന്ത്രിക്കണമെന്നും” അറിയിച്ചതായി വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഈ പ്രസ്ഥാവനയിലൂടെ പ്രതിഫലിപ്പിക്കുന്നത് ഇന്ത്യൻ സൈനികർ ചൈനീസ് പ്രദേശത്തേക്ക് കടന്നുവെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണ ലംഘിച്ചുവെന്നുമുള്ള നിലപാടിൽ ചൈന ഉറച്ചു നിൽക്കുന്നു എന്നാണ്.
ചൈനയുടെ അവകാശവാദങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ട് ചൈനയുടെ ഭാഗത്തുനിന്ന് ഏകപക്ഷീയമായി സ്ഥിതിഗതികൾ മാറ്റാനുള്ള ശ്രമമായാണ് ഇന്ത്യ ഏറ്റുമുട്ടലിനെ കുറ്റപ്പെടുത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം നടത്തിയ പ്രസ്താവനയിൽ, ചൈനയുമായുള്ള അതിർത്തിയിൽ സമാധാനത്തിന് പ്രതിജ്ഞാബദ്ധരായി തുടരുന്നതായും എല്ലായ്പ്പോഴും യഥാർത്ഥ നിയന്ത്രണ രേഖയുടെ ഭാഗത്താണ് പ്രവർത്തിക്കുന്നതെന്നും ഇന്ത്യ വ്യക്തമാക്കി.
ചർച്ചയുടെ സമാപനത്തിൽ, മൊത്തത്തിലുള്ള സാഹചര്യം ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യാമെന്നും, ഇരുപക്ഷവും ഉഭയകക്ഷി കരാറുകളും പ്രോട്ടോക്കോളുകളും അനുസരിച്ച് സമാധാനം ഉറപ്പാക്കൽ ആത്മാർത്ഥമായി നടപ്പാക്കുമെന്നും ധാരണയായി.