ചെങ്ങന്നൂർ: പ്രളയത്തിൽ ഉപയോഗ ശൂന്യമായ വീട്ടുപകരണങ്ങൾ തുച്ഛമായ വിലയ്ക്ക് വിറ്റ ചെങ്ങന്നൂർ സ്വദേശിക്ക് നഷ്ടമായത് 6 ലക്ഷത്തിലധികം രൂപ. ആക്രി വസ്തുക്കൾക്കൊപ്പം പെട്ടുപോയ എടിഎം കാർഡും അതിലുണ്ടായിരുന്ന സ്വകാര്യ പിൻ നമ്പറും ഉപയോഗിച്ചാണ് തമിഴ്നാട് സ്വദേശി പണം തട്ടിയെടുത്തത്. 61 തവണകളായി 6.31 ലക്ഷം രൂപയാണ് പ്രതി പിൻവലിച്ചത്. പാണ്ടനാട് പ്രയാർ കിഴുവള്ളിൽ പുത്തൻപറമ്പിൽ ഷാജിയുടെ പണം തട്ടിയ കേസിലാണ് തെങ്കാശി സ്വദേശി ബാലമുരുകൻ അറസ്റ്റിലായത്. 43 കാരനായ പ്രതിയെ കോടതി റിമാന്റ് ചെയ്തു.
എസ്ബിഐ ചെങ്ങന്നൂർ ശാഖയിലെ ഷാജിയുടെ ബാങ്ക് അക്കൗണ്ടിലെ എടിഎം കാർഡാണ് നഷ്ടമായത്. 2018ലാണ് കാർഡ് ലഭിച്ചത്. എന്നാൽ ഷാജി വിദേശത്തേക്ക് പോയതിനാൽ കാർഡ് ഉപയോഗിച്ചിരുന്നില്ല. ആ വർഷം പ്രളയത്തിൽ വീട്ടിൽ വെള്ളം കയറി. ഈ വർഷം ഒക്ടോബറിൽ നാട്ടിലെത്തിയ ഷാജി വീട്ടിലെ ഉപയോഗ ശൂന്യമായ സാധനങ്ങൾ തുച്ഛമായ വിലയ്ക്കാണ് വിറ്റത്. ഒക്ടോബർ 25ന് ചെങ്ങന്നൂരിലെ എസ്ബിഐ ശാഖയിൽ എത്തി ചെക്ക് ഉപയോഗിച്ച് പണം പിൻവലിക്കാൻ ശ്രമിച്ചു.
എന്നാൽ അക്കൗണ്ടിൽ പണമുണ്ടായിരുന്നില്ല. എടിഎം കാർഡ് ഉപയോഗിച്ച് 6.31 ലക്ഷം രൂപ പിൻവലിച്ചതായി ബാങ്ക് ജീവനക്കാർ പറഞ്ഞു. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.