ഇംഫാല്‍: മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തില്‍ കുറ്റാരോപിതനായ യുവാവിന്റെ വീട് അക്രമികള്‍ തീവെച്ച് നശിപ്പിച്ചു. ഇതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്. കേസില്‍ മുഖ്യപ്രതിയെന്ന് ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത ഹുയ്റം ഹീറോദാസ് മെയ്തെയുടെ വീടാണ് അക്രമികള്‍ അഗ്നിക്കിരയാക്കിയത്. വ്യാഴാഴ്ച്ചയാണ് സംഭവം നടന്നത്. വീഡിയോയില്‍ ഭൂരിഭാഗവും സ്ത്രീകള്‍ അടങ്ങുന്ന പ്രതിഷേധ സംഘമാണ് ഇയാളുടെ വീട് കത്തിക്കുന്നതായിട്ടുള്ളത്.മണിപ്പൂരിലെ കാങ്ങോഗ്പ്കി ജില്ലയിലുള്ള യുവതികളെയാണ് ജനക്കൂട്ടം നേരത്തെ നഗ്നരാക്കി നടത്തിച്ചത്. 77 ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ വീഡിയോ പുറത്തുവന്നത്. ഇന്റര്‍നെറ്റ് നിരോധനം നീക്കിയ ഉടനെയായിരുന്നു വീഡിയോ പ്രചരിച്ചത്.സംഭവത്തില്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു പോലീസ്. തിരിച്ചറിയാത്ത ആളുകള്‍ക്കെതിരെ തട്ടിക്കൊണ്ടുപോവല്‍, കൂട്ടബലാത്സംഗം, എന്നിവയെല്ലാം ചുമത്തിയാണ് കേസെടുത്തത്. നാല് പേരെ ഇതേ തുടര്‍ന്ന് അറസ്റ്റ് ചെയ്തിരുന്നു.
പ്രതികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങി കൊടുക്കുമെന്ന് മുഖ്യമന്ത്രി ബിരേന്‍ സിംഗ് പറഞ്ഞിരുന്നു. അതേസമയം ജൂണ്‍ 12ന് ഈ യുവതികള്‍ ദേശീയ വനിതാ കമ്മീഷന് പരാതി നല്‍കിയിരുന്നു. എന്നാല്‍ യാതൊരു നടപടിയും അവര്‍ സ്വീകരിച്ചില്ലെന്നാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ട് സാമൂഹ്യ പ്രവര്‍ത്തകരും, നോര്‍ത്ത് അമേരിക്കന്‍ മണിപ്പൂര്‍ ട്രൈബല്‍ അസോസിയേഷനും യുവതികളുമായി സംസാരിച്ചിരുന്നു. അതിന് ശേഷം വനിതാ കമ്മീഷന് പരാതി നല്‍കിയത്. എന്നാല്‍ യാതൊരു മറുപടിയും അവരില്‍ ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.മെയ്തി അക്രമികള്‍ കുക്കി-സോമി ആദിവാസി യുവതികള്‍ക്കെതിരെ നടത്തിയ ദാരുണമായ അക്രമണത്തില്‍ അടിയന്തരമായി ഇടപെടണമെന്നും, നടപടി എടുക്കണമെന്നും പരാതിയില്‍ പറയുന്നുണ്ട്. ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖാ ശര്‍മയെ പുറത്താക്കണമെന്ന് എഎപി ആവശ്യപ്പെട്ടു. വീഡിയോ പുറത്തുവരുന്നതിന് ഒരു മാസം മുമ്പ് പരാതി നല്‍കിയിട്ടും, അവര്‍ അത് അവഗണിച്ചുവെന്ന് എഎപി കുറ്റപ്പെടുത്തി.