തിരുവനന്തപുരം: മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവർത്തനങ്ങൾ പോരെന്ന് കെ.ബി ഗണേഷ് കുമാർ എം.എൽ.എ. എൽഡിഎഫ് നിയമസഭാ കക്ഷി യോഗത്തിലാണ് ഗണേഷ് കുമാർ രൂക്ഷ വിമർശനം ഉന്നയിച്ചത്. പല വകുപ്പുകളിലും പ്രഖ്യാപനങ്ങളല്ലാതെ മറ്റൊന്നും നടക്കുന്നില്ല. എം.എൽ.എമാർക്ക് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് ഗണേഷ് കുമാർ യോഗത്തിൽ പറഞ്ഞു.
എം.എൽ.എമാർക്കായി പ്രഖ്യാപിച്ച 15 കോടിയുടെയും 20 കോടിയുടെയും പദ്ധതിയിൽ പ്രഖ്യാപനമല്ലാതെ ഭരണാനുമതി പോലും ലഭിച്ചിട്ടില്ല. ഒന്നും സംഭവിക്കാത്ത സാഹചര്യമാണ് നാട്ടിൽ ഉള്ളത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെയും ഗണേഷ് കുമാർ വിമർശിച്ചു. ഗണേഷ് കുമാർ വിദ്യാഭ്യാസ മന്ത്രിയെയും പേരെടുത്ത് വിമർശിച്ചു. മന്ത്രി നല്ല ആളാണെന്നും എന്നാൽ വകുപ്പിൽ ഒരു പ്രവൃത്തിയും നടക്കുന്നില്ലെന്നുമായിരുന്നു ഗണേഷ് ആരോപിച്ചത്.
വിമർശനം തുടർന്ന് ജലവിഭവ വകുപ്പിൽ എത്തിയപ്പോൾ സി.പി.എം പാർലമെന്ററി പാർട്ടി സെക്രട്ടറി ടി.പി രാമകൃഷ്ണൻ ഇടപെട്ടു. എന്നാൽ ഇവിടെയല്ലാതെ മറ്റെവിടെയാണ് ഈ കാര്യങ്ങൾ പറയേണ്ടത്, ഇത് പറയാൻ മറ്റേതാണ് വേദി എന്നായിരുന്നു ഗണേഷ് കുമാറിന്റെ ചോദ്യം.