വാഷിംഗ്ടൺ: ബഹ്റൈനും യു എ ഇയുമായി ഇന്ന് വൈറ്റ് ഹൌസിൽ വച്ച് ഇസ്രയേലുമായി പുതിയൊരു നയതന്ത്രബന്ധം സ്ഥാപിക്കുമ്പോൾ ഇത് മധ്യപൂർവ്വദേശത്തിന്റെ സമാധാനത്തിനുള്ള ചരിത്ര നിമിഷം എന്ന് ചടങ്ങിന് നിമിഷങ്ങൾക്കുമുന്പ് ട്രംപ് വിശേഷിപ്പിച്ചു. മിഡിൽ ഈസ്റ്റ് നയതന്ത്ര കരാറുകളിൽ ഒപ്പു വെക്കുന്നതിനായി ഇസ്രായേൽ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ബഹ്റൈൻ കിംഗ്ഡം എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കളെ വൈറ്റ് ഹൌസിലേക്ക് ട്രംപ് സ്വാഗതം ചെയ്തിരുന്നു. കരാർ ഒപ്പിടുന്നതിനായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, യു എ ഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, ബഹ്റൈൻ വിദേശകാര്യ മന്ത്രി അബ്ദുലത്തീഫ് അൽ സയാനി എന്നിവരാണ് ട്രംപിന്റെ ക്ഷണം സ്വീകരിച്ചു വൈറ്റ് ഹൌസിൽ എത്തിയത്. ചടങ്ങിൽ കരാറിന് സാക്ഷിയായി ട്രംപ് ഒപ്പിട്ടു. സമാധാനത്തിന്റെ പ്രത്യേക ത്രിരാഷ്ട്ര പ്രഖ്യാപനത്തിലും മൂന്നു നേതാക്കളും ഒപ്പിട്ടു.
“ഇത് അറബ്-ഇസ്രയേൽ ബന്ധത്തിന്റെ തുടക്കമാകുമെന്ന് പ്രതീക്ഷിക്കുന്നു അതിനാൽ തന്നെ കൂടുതൽ രാജ്യങ്ങൾ ഈ പാത പിന്തുടരും !” ട്രംപ് പറഞ്ഞു. ചരിത്രത്തിന്റെ ഗതി ഇന്ന് ഇവിടെ വഴിമാറും പതിറ്റാണ്ടുകളുടെ വിഭജനത്തിനും സംഘർഷത്തിനും ഈ കരാർ മിഡിൽ ഈസ്റ്റിൽ ഒരു പുതിയ ഉദയം അടയാളപ്പെടുത്തുന്നു ട്രംപ് കൂട്ടിച്ചേർത്തു.
“ഈ ദിവസം ചരിത്രത്തിന്റെ ഒരു പ്രധാന കേന്ദ്രമാണ്, അത് സമാധാനത്തിന്റെ ഒരു പുതിയ പ്രഭാതത്തെ ആഘോഷിക്കുന്നു,” . “ആയിരക്കണക്കിനു വർഷങ്ങളായി യഹൂദ ജനത സമാധാനത്തിനായി പ്രാർത്ഥിച്ചു, പതിറ്റാണ്ടുകളായി യഹൂദ രാഷ്ട്രം സമാധാനത്തിനായി പ്രാർത്ഥിച്ചു, അതിനാൽ ഞങ്ങൾ ഇന്ന് ഏറ്റവും നന്ദിയുള്ളവരാണ്. നെതന്യാഹു പറഞ്ഞു.
“മിഡിൽ ഈസ്റ്റിന്റെ ഹൃദയത്തിൽ ഒരു മാറ്റത്തിന് ഞങ്ങൾ ഇന്ന് സാക്ഷ്യം വഹിക്കുകയാണ്, ഈ മാറ്റം ലോകമെമ്പാടും പുതിയ പ്രത്യാശ പകരും.” യുഎഇയുടെ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.
അതേസമയം, കരാർ യാഥാർഥ്യമാക്കുന്നതിൽ ട്രംപിന്റെ പങ്കിനെ ബഹ്റൈൻ വിദേശകാര്യമന്ത്രി പ്രശംസിച്ചു.
“മിസ്റ്റർ പ്രസിഡന്റ്, നിങ്ങളുടെ രാഷ്ട്രതന്ത്രവും അശ്രാന്ത പരിശ്രമവും ഇന്ന് ഞങ്ങളെ ഇവിടെ എത്തിക്കുകയും സമാധാനം യാഥാർത്ഥ്യമാക്കുകയും ചെയ്തു, ”ഡോ. അബ്ദുല്ലത്തിഫ് ബിൻ റാഷിദ് അൽ സയാനി പറഞ്ഞു.
“എബ്രഹാം ഉടമ്പടി” എന്നും വിളിക്കുന്ന ഈ കരാറിന് ചരിത്രപരമായി തന്നെ വളരെയധികം പ്രാധാന്യം ഉണ്ട്. ഇതിലൂടെ ഇസ്രായേലിലെ ഇസ്ലാമിക പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ മുസ്ലീങ്ങളെ അനുവദിക്കുന്നു. ഈജിപ്തിനും ജോർദാനും ശേഷം ഇത്തരം ഒരു കരാർ ഇസ്രയേലുമായി ഒപ്പിടുന്ന മൂന്നാമത്തെയും നാലാമത്തെയും രാജ്യമാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സും ബഹ്റൈനും. ഇതിലൂടെ മേഖലയിലെ വികസനങ്ങൾക്കും മറ്റു അന്താരാഷ്ട്ര ബന്ധങ്ങൾക്കും പുതിയൊരു മാനം കൈവരും എന്നാണ് പ്രതീക്ഷിക്കുന്നത്. വ്യാപാരം, സുരക്ഷ, ടൂറിസം എന്നിവയുൾപ്പെടെ അംബാസഡർമാരുടെ നിയമനം, എംബസികൾ സ്ഥാപിക്കൽ, എന്നിങ്ങനെ വിവിധ മേഖലകളിൽ സഹകരണം സാധാരണ നിലയിലേക്ക് മാറും.
ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ യഥാർത്ഥത്തിൽ ഇങ്ങനെ ഒരു കരാർ ഇസ്രയേലുമായി ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന ഒരു ഘട്ടത്തിലേക്ക് കടക്കുകയാണെന്നും പക്ഷെ അവർ അത് ബാഹ്യമായി പറയില്ലെന്നും ട്രംപ് പറഞ്ഞു.
റിപ്പോർട്ട് :അജു വാരിക്കാട്, അമേരിക്ക