
ചെന്നൈ: സാമൂഹ്യമാധ്യമങ്ങളിലെ മരണസന്ദേശത്തിന് മറുപടിയായി തംസപ്പ് ഇമോജി ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഇമോജിയെ ആഘോഷമായി കണക്കാക്കാനാകില്ലെന്നും, സന്ദേശം കണ്ടുവെന്ന അർഥത്തിൽ എടുത്താൽ മതിയെന്നും കോടതി വ്യക്തമാക്കി. 2018ൽ മേലുദ്യോഗസ്ഥൻ കൊല്ലപ്പെട്ടുവെന്ന സന്ദേശത്തിന് തംസപ്പ് മറുപടി നൽകിയതിന്റെ പേരിൽ സിആർപിഎഫ് കോൺസ്റ്റബിൾ നരേവ്ദ്ര ചൗഹാനെ ജോലിയിൽ നിന്ന് നീക്കിയിരുന്നു. അച്ചടക്ക ലംഘനം നടത്തി എന്നാരോപിച്ചായിരുന്നു നടപടി. സിആർപിഎഫിന്റെ നടപടി നേരത്തെ കോടതി ഏകാംഗ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് സിആർപിഎഫ് നൽകിയ ഹർജിയിലാണ് ഏകാംഗ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ശരിവച്ചത്.


