
മനാമ: സൗദി അറേബ്യയിലെ തൊഴില്‍ വിപണിയിലും മനുഷ്യ മൂലധന വികസനത്തിലും ബിസിനസ് സേവനങ്ങളില്‍ മുന്‍നിരയിലുള്ള കമ്പനിയായ തകമോള്‍ ഹോള്‍ഡിംഗ്സുമായി ബഹ്റൈനിലെ ലേബര്‍ ഫണ്ട് (തംകീന്‍) ധാരണാപത്രം ഒപ്പുവെച്ചു.
തൊഴില്‍ വിപണിയുമായി ബന്ധപ്പെട്ട ഒന്നിലധികം മേഖലകളില്‍ രണ്ട് സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണമുണ്ടാക്കുക, തൊഴില്‍ വിപണിയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുക, പ്രൊഫഷണല്‍ നൈപുണ്യ വികസനത്തെ പിന്തുണയ്ക്കുക, പ്രകടനവും കാര്യക്ഷമതയും മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള വിജ്ഞാന കൈമാറ്റം സുഗമമാക്കുക എന്നിവയാണ് ധാരണാപത്രത്തിന്റെ ലക്ഷ്യം.
ഈ ധാരണാപത്രത്തിലൂടെ ഒന്നിലധികം മേഖലകളിലെ തകമോളിന്റെ വൈദഗ്ധ്യത്തില്‍നിന്ന് പ്രയോജനം നേടാനും പ്രോഗ്രാം ഫലപ്രാപ്തി വര്‍ധിപ്പിക്കാനും തൊഴില്‍ വിപണിയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ദേശീയ പ്രതിഭകളുടെ മത്സരശേഷി വര്‍ധിപ്പിക്കാനും തംകീന്‍ ശ്രമിക്കും. കൂടാതെ സൗദി അറേബ്യയിലെ തൊഴില്‍ വിപണി വികസനത്തെക്കുറിച്ച് തംകീന്‍ അറിയാനും കഴിയും. ദേശീയ പ്രതിഭകള്‍ക്ക് തൊഴില്‍ വിപണിയില്‍ പ്രവേശിക്കാനും അതില്‍ വളരാനുമുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ തംകീന്റെ അനുഭവത്തില്‍നിന്ന് തകമോള്‍ പ്രയോജനം നേടും.
തംകീന്റെ ചീഫ് എക്സിക്യൂട്ടീവ് മഹ അബ്ദുല്‍ഹമീദ് മൊഫീസും തകമോളിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. അഹമ്മദ് അബ്ദുല്‍ജബര്‍ അല്‍ യമാനിയുമാണ് ഇരു കമ്പനികളുടെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ധാരണാപത്രത്തില്ഒപ്പുവെച്ചത്.
