ടയ്ലര്‍ (ടെക്സസ്): ദന്തല്‍ ക്ലിനിക്കില്‍ കയറി രണ്ടു ഡോക്ടര്‍മാരെ വെടിവച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് പിടികൂടി. സ്റ്റവെല് അലക്സാണ്ടര്‍ സ്മിത്ത് എന്ന നാല്പതുകാരനാണ് പിടിയിലായത്.
സൗത്ത് ഈസ്റ്റ് ഡാളസില്‍നിന്നും 90 മൈല്‍ ദൂരെയുള്ള ടയ്ലറില് മാര്‍ച്ച് 17നായിരുന്നു സംഭവം. ക്ലിനിക്കിലെ ജീവനക്കാരനുമായി തര്‍ക്കം ഉണ്ടായതിനെതുടര്‍ന്നു അവിടെനിന്നും പുറത്തിറങ്ങിയ പ്രതി പാര്‍ക്കിംഗ് ലോട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍നിന്നും തോക്കെടുത്ത് തിരിച്ചെത്തിയശേഷം ഡോക്ടര്‍മാര്‍ക്കു നേരെ നിറയൊഴിക്കുകയായിരുന്നു. ഡോ. ബ്ലേക്ക് ജി. സിന്‍ക്ലെയര്‍ (59), ഡോ. ജേക്ക് ഇബറൊ (75) എന്നിവരാണ് മരിച്ചത്.
സംഭവത്തിനുശേഷം അവിടെനിന്നും കടന്നുകളഞ്ഞ പ്രതിയെ വീട്ടില്‍ നിന്നാണ് പോലീസ് പിടികൂടിയതെന്ന് കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു. സ്മിത്ത് കൗണ്ടി ജയിലില്‍ അടച്ച പ്രതിക്ക് 2.5 മില്യണ്‍ ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തിട്ടുണ്ട്.