പ്രമുഖ ഇലക്ട്രിക് കാർ നിർമ്മാണ കമ്പനി ടെസ്ല 2021 തുടക്കത്തോടെ ഇന്ത്യയിൽ കാർ വിൽപ്പന ആരംഭിക്കും. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ എക്സ്പ്രസ് ഐഡിയ എക്സ്ചേഞ്ച് പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ടെസ്ല മേധാവി എലോൺ മസ്കും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. 2021 ൽ കാർ വിൽപ്പനയിൽ ഇന്ത്യയിൽ സജീവമാകുന്നത് സംബന്ധിച്ചുള്ള സൂചനകൾ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
നിരവധി ഇലക്ട്രോണിക് വാഹനപ്രേമികൾ ടെസ്ല ഇന്ത്യയിലേക്ക് എത്തുന്നത് കാത്തിരിക്കുകയാണ്. ചൈനയിലെ ഷാങ്ഹായിലാണ് നിലവിൽ ടെസ്ലയുടെ ഫാക്ടറി. 659 ബില്യൺ ഡോളർ വിപണി മൂലധനമുള്ള ടെസ്ല ഇപ്പോൾ ലോകത്തെ പ്രമുഖ കാർ നിർമ്മാതാക്കളിൽ ഒന്നാണ്. ടൊയോട്ടയുടെ വിപണി മൂലധനത്തേക്കാൾ 215 ബില്യൺ ഡോളർ മുന്നിലാണ് ടെസ്ല.
2019 അവസാന പാദത്തിൽ ടെസ്ലയുടെ വരുമാനം 7.38 മില്യൺ ഡോളറായിരുന്നു. കൊറോണ വൈറസ് വ്യാപനത്തിനിടയിൽ പോലും ടെസ്ലയുടെ വരുമാനത്തിൽ കുറവ് ഉണ്ടായിട്ടില്ല. ഈ വർഷം അവസാന പാദം ടെസ്ലയുടെ വരുമാനം 8.77 മില്യൺ ഡോളറാണ്.