മനാമ: ആസന്നമായ ഇന്ത്യൻ സ്കൂൾ ബഹ്റൈൻ തെരഞ്ഞെടുപ്പിൽ ഇൻഡക്സ് ബഹ്റൈൻ ഭാരവാഹികളോ പ്രവർത്തകരോ മത്സരിക്കേണ്ടതില്ല എന്നാണു തീരുമാനമെന്ന് ഭാരവാഹികൾ വാർത്ത അമ്മേളനത്തിൽ പറഞ്ഞു. സ്കൂളിന്റെ നിലനിൽപ്പിനും സുഗമമായ പ്രയാണത്തിനും ദീർഘവീക്ഷണത്തോടു കൂടിയ രക്ഷിതാക്കൾ സ്കൂൾ ഭരണം കൈകാര്യം ചെയ്യേണ്ടതുണ്ട് . സ്കൂളിന്റെ പുരോഗതിക്കായുള്ള പ്രവർത്തനങ്ങളിൽ നീണ്ടകാലത്തെ പ്രവർത്തി പരിചയമുള്ളവർ ആണ് ഇന്‍ഡക്സിന്റെ നേതൃനിരയിൽ ഇരിക്കുന്നവരിൽ അധികവും. അതുകൊണ്ടു തന്നെ പൂർണ്ണമായും സ്കൂൾ തെരഞ്ഞടുപ്പിൽ നിന്നും പുറം തിരിഞ്ഞു നിൽക്കുവാനോ നിസ്സംഗത പാലിക്കുവാനോ കഴിയില്ല. ഞങ്ങൾ ഉയർത്തുന്ന പുരോഗനാത്മകമായ ആശയങ്ങളോട് ഏറ്റവും അടുത്ത് നിൽക്കുന്ന ഒരു പാനലുമായി സഹകരിക്കുവാൻ ഞങ്ങൾ തീരുമാനിക്കുകയാണ്.
നിക്ഷിപ്ത താല്പര്യങ്ങൾ ഇല്ല എന്നതിനാൽ സ്കൂളിന്റെയും കുട്ടികളുടെയും ജീവനക്കാരുടെയും രക്ഷിതാക്കളുടെയും ഉന്നമനത്തിനാവശ്യമായ ചില നിർദ്ദേശങ്ങൾ എന്നതിനപ്പുറം ഒരു നിബന്ധനകളും ഇല്ലാതെയാണ് ഞങ്ങൾ പിപിഎ പാനലിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
* അക്കാദമിക് നിലവാരം കൂടുതൽ ഉയരങ്ങളിലേക്ക് ഉയർത്തികൊണ്ടുവരുവാനുള്ള പരിശ്രമങ്ങൾ ഉണ്ടാവണം
* ആധുനിക സൗകര്യങ്ങൾ പരമാവധി ഉപകാരപ്പെടുത്തി ടോയ്ലറ്റ്സുകൾ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ വർദ്ദിപ്പിക്കണം.
* പ്രിൻസിപ്പാലിനെയും മറ്റു ഉന്നത യോഗ്യതയുള്ള അദ്ദ്യാപകരെയും നാട്ടിൽ നിന്നും കൊണ്ടുവരണം. കഴിഞ്ഞ കുറെ വർഷങ്ങളായി നാട്ടിൽ നിന്നും ഉള്ള റിക്രൂട്ട്മെന്റുകൾ നടക്കാറില്ല.
* ചെലവുകളിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി സാമ്പത്തിക ഭദ്രത നിലനിർത്തണം.
* അധ്യാപകരടക്കമുള്ള സ്റ്റാഫ് നിയമനങ്ങൾ തികച്ചും വിദ്യാഭ്യാസ യോഗ്യതകളുടെയും കഴിവുകളെയും മാത്രം അടിസ്ഥാനത്തിൽ ആയിരിക്കണം. ശുപാർശകളും പക്ഷപാതിത്വങ്ങളും പൂർണ്ണമായും ഒഴിവാക്കപ്പെടണം
* കൂടുതൽ ജോലി സാധ്യതകൾ ഉള്ള ടാറ്റ സയൻസ് പോലുള്ള കോഴ്സുകൾ സ്ട്രീമുകളിൽ ഉൾപ്പെടുത്തുവാൻ ശ്രമിക്കണം. കരിയർ കൗൺസിലിംഗും ഉന്നത വിദ്യാഭ്യാസ നിർദ്ദേശങ്ങളും കാര്യക്ഷമമാക്കണം.
* അധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യതകൾ സ്കൂൾ വെബ്സൈറ്റിൽ പരസ്യപ്പെടുത്തുക 2008 വരെ ഇത് നിലവിൽ ഉണ്ടായിരുന്നു.
* അധ്യാപകരടക്കമുള്ള ജീവനക്കാരുടെ വേതന വർദ്ധനവുകൾ യഥാസമയങ്ങളിൽ
നടപ്പിൽ വരുത്തണം. വേതന വർദ്ധനവുകളും സ്ഥാനക്കയറ്റങ്ങളും കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം.
* ട്രാസ്ൻപോർട്ട് സംവിധാനം ആധുനികവൽക്കരിച്ച് കുറ്റമറ്റതാക്കണം.
* മൂന്നു വർഷമെങ്കിലും രക്ഷിതാവായിരിക്കുവാൻ സാധ്യതയുള്ളവരെ മാത്രം തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുക എന്ന നിയമം പ്രാബല്യത്തിൽ വരുത്തണം.
കോവിഡ് കാലത്ത് സ്റ്റാഫിനെയും കുട്ടികളെയും ബുദ്ദിമുട്ടിക്കാതെ തന്നെ സാങ്കേതിക വിദ്യകളുടെ സഹായത്താൽ പഠനം സുഗമായി കൊണ്ടുപോകുവാൻ നടത്തിയ പ്രവർത്തനങ്ങൾ ശ്ളാഘനീയമാണ്. ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയോയോടെ മൂന്നു വർഷക്കാലം അധികമായി അധികകാരത്തിലിരുന്നിട്ടും ഒരു തരത്തിലുമുള്ള സാമ്പത്തിക ക്രമക്കേടുകൾ ഉയർന്നുവന്നിട്ടില്ല എന്നതും പിപി എ പാനലിനെ പിന്തുണക്കുവാനുള്ള ഒരു കാരണമാണ്. മൂന്നു വർഷമോ അതിൽ കൂടുതലോ രക്ഷിതാവായിരിക്കുന്നവരെ മാത്രമാണ് പിപിഎ സ്ഥാനാർത്ഥികളാക്കിയിരിക്കുന്നത് എന്നതും ഏറെ സ്വീകാര്യമാണ് . തിരഞ്ഞെടുപ്പിൽ വിജയിക്കുവാൻ വേണ്ടി മാത്രം നടപ്പിൽ വരുത്തുവാൻ കഴിയാത്ത വാഗ്ദാനങ്ങൾ നൽകി രക്ഷിതാക്കളെ കബളിപ്പിക്കുവാനുള്ള ഒരു വാഗ്ദാനങ്ങളും പിപിഎ മുന്നോട്ടു വെച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. സ്വാർത്ഥ താല്പര്യങ്ങൾ മാത്രം മുന്നിൽ കണ്ടു പാനലുകൾ ഉണ്ടാക്കുകയും തിരഞ്ഞെടുപ്പിന് മുൻപ് തന്നെ പല കരാറുകളും വാഗ്ദാനം ചെയ്തു കരാറുകാരെ കൂടെ കൂട്ടുന്നവരുടെ ഉദ്ദേശങ്ങൾ തിരിച്ചറിയുവാനുള്ള കാര്യ ശേഷിയും ബോധ്യവും രക്ഷിതാക്കൾക്കുണ്ടായിരിക്കണം എന്ന് ഇന്‍ഡക്സ് ഭാരവാഹികൾ ആവശ്യപ്പെട്ടു. രക്ഷിതാക്കൾ അല്ലാത്തവർ സ്കൂൾ ഭരിക്കുന്നു എന്ന് മുറവിളി കൂട്ടിയവർ അവരുടെ പാനലുകളിൽ മത്സരിക്കുന്ന പലരും മൂന്നു മാസം കഴിഞ്ഞും ഒരു വർഷം കഴിഞ്ഞും ഒക്കെ രക്ഷിതാക്കൾ അല്ലാതാവുന്നവർ ആണ് എന്നത് ആശ്ചര്യജനകമാണ്. തിരഞ്ഞെടുക്കപ്പെട്ട രക്ഷിതാക്കൾ ആയിരിക്കണം സ്കൂൾ ഭരിക്കേണ്ടത്. പിൻവാതിൽ ഭരണം ആഗ്രഹിക്കുന്നവരെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കാൻ കഴിയില്ല. സ്കൂളിന്റെ സമഗ്ര പുരോഗതിക്കാവശ്യമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുവാൻ കഴിയുന്ന ദീർഘവീക്ഷണമുള്ള രക്ഷിതാക്കൾ അണിനിരന്നിരിക്കുന്ന പിപിഎ പാനലിനെ വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണം എന്ന് രക്ഷിതാക്കളോട് അഭ്യർഥിക്കുന്നതായി ഇന്‍ഡക്സ് ഭാരവാഹികൾ . അഭ്യർത്ഥിച്ചു. വാർത്താ സമ്മേളനത്തിൽ റഫീക്ക് അബ്ദുള്ള, അശോക് കുമാർ, അനീഷ് വർഗ്ഗീസ്, അജി ഭാസി, തിരുപ്പതി, ജൂഡ് വെയ്ലൻഡ്, ശശി, വിവിധ് ചന്ദ്രൻ, സുജിത്, രാജേഷ് ബാബു, സെന്തിൽ, ശിഹാബ്, മുരുഗൻ, ബാബു എന്നീ രക്ഷിതാക്കളും സേവി മാത്തുണ്ണി, കെ ആർ . ഉണ്ണി, സാനി പോൾ, ലത്തീഫ് ആയഞ്ചേരി , സുരേഷ് ദേശികൻ മജീദ് തണൽ എന്നീ ഇന്‍ഡക്സ് ഭാരവാഹികളും പങ്കെടുത്തു.