
ദില്ലി: ദേശീയ ടെന്നീസ് താരം രാധിക യാദവിന്റെ കൊലപാതകത്തിൽ പിതാവ് ദീപക് കുറ്റം സമ്മതിച്ചുവെന്ന് പൊലീസ്. ഗുരുഗ്രാമിലെ സെക്ടര്‍ 57ലെ വീട്ടിൽ താമസിക്കുന്ന 25കാരിയായ രാധിക യാദവിനെ പിതാവ് ദീപക് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.
പിതാവ് ദീപക് (49) കുറ്റം സമ്മതിച്ചുവെന്നും മൂന്നു തവണയാണ് രാധികക്ക് നേരെ വെടിയുതിര്‍ത്തതെന്നും ഗുരുഗ്രാം പൊലീസ് വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു. രാധിക നടത്തുന്ന ടെന്നീസ് അക്കാദമിക്ക് പിതാവ് ദീപക് എതിരായിരുന്നു. ടെന്നീസ് അക്കാദമി അടയ്ക്കാൻ രാധികയെ ദീപക് നിര്‍ബന്ധിച്ചിരുന്നെങ്കിലും വിസമ്മതിക്കുകയായിരുന്നു. ഇതേചൊല്ലി ഇരുവരും തമ്മിൽ തര്‍ക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും ഗുരുഗ്രാം പൊലീസ് പറഞ്ഞു.
സംഭവത്തിൽ ദീപകിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പൊലീസ് സംഭവം സ്ഥലത്തെത്തി പരിശോധന നടത്തി. ഹരിയാനയിലെ സംസ്ഥാന ടെന്നീസ് മത്സരങ്ങളിലും ദേശീയ ടെന്നീസ് മത്സരങ്ങളിലും രാജ്യാന്തര മത്സരങ്ങളിലുമടക്കം ശ്രദ്ധേയമായ പ്രകടനം നടത്തിയ മികച്ച ടെന്നീസ് താരമാണ് 25കാരിയായ രാധിക യാദവ്.
രാജ്യാന്തര ടെന്നീസ് ഫെഡറേഷന്റെയും വനിത ടെന്നീസ് അസോസിയേഷന്റെയുമടക്കം നിരവധി ടൂര്‍ണമെന്റുകളിൽ രാധിക പങ്കെടുത്തിട്ടുണ്ട്. 2024 ജൂണിൽ ടൂണീഷ്യയിൽ നടന്ന ഡബ്ല്യു15 ടൂര്‍ണമെന്റിൽ രാധിക മത്സരിച്ചിട്ടുണ്ട്. രാധിക കൊല്ലപ്പെട്ടെന്ന വിവരം വീട്ടിലെ താഴത്തെ നിലയിൽ താമസിക്കുന്ന ദീപക്കിന്റെ സഹോദരനാണ് പൊലീസിനെ അറിയിച്ചതും പരാതി നൽകിയതും.
നേരത്തെ സോഷ്യൽമീഡിയയിൽ രാധിക റീൽസ് ഇടുന്നതിൽ പിതാവ് എതിരായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നെങ്കിലും ഇക്കാര്യം പൊലീസ് തള്ളി.
സോഷ്യൽ മീഡിയ ഇന്റഫ്ലുവൻസറാകാൻ താത്പര്യപ്പെടുന്ന രാധിക അടുത്തിടെ റീൽസുകളും മറ്റും ഇട്ടിരുന്നതിൽ പിതാവിന് അതൃപ്തിയുണ്ടെന്നും ഗ്രാമത്തില്‍ പോകുമ്പോള്‍ കുടുംബക്കാര് ഇതേക്കുറിച്ച് വിമര്‍ശനം ഉന്നയിച്ചിരുന്നുവെന്നുമാണ് ഇതിൽ പ്രകോപിതനായാണ് ദീപക് വെടിയുതിര്‍ത്തതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാൽ, ടെന്നീസ് അക്കാദമി നടത്തുന്നതിലെ എതിര്‍പ്പാണ് കൊലക്ക് കാരണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
വ്യാഴാഴ്ച രാവിലെ 10.30ഓടെ ഗുരുഗ്രാമിലെ സെക്ടര്‍ 57ലെ സുശാന്ത് ലോക് രണ്ടാം ഫേയ്സിലെ വീട്ടിൽ വെച്ചാണ് സംഭവം. വീട്ടിലെ ഒന്നാം നിലയിൽ വെച്ച് രാധികയുടെ പിതാവ് മൂന്നു തവണയാണ് വെടിയുതിര്‍ത്തത്. സ്വന്തമായി ഉപയോഗിച്ചിരുന്ന തോക്ക് ഉപയോഗിച്ചാണ് രാധികയുടെ പിതാവ് വെടിയുതിര്‍ത്തത്. വെടിവെപ്പുണ്ടായ ഉടനെ ശബ്ദം കേട്ട് താഴത്തെ നിലയിൽ താമസിക്കുന്ന രാധികയുടെ പിതാവിന്റെ സഹോദരൻ രാധികയെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ രാധിക ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവത്തിൽ രാധികയുടെ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തോക്കും പൊലീസ് പിടിച്ചെടുത്തു. അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്റെ 113ാം റാങ്കുള്ള ഡബിള്‍സ് താരമാണ് രാധിക യാദവ്. ഹരിയാനയിലെ വനിതകളുടെ ഡബിള്‍സിൽ അഞ്ചാം റാങ്കാണ് രാധികക്കുള്ളത്. സാമൂഹിക മാധ്യമങ്ങളിൽ റീലുകളടക്കമിട്ട് രാധിക സജീവമായിരുന്നു.
