പട്ന: ജോലിക്കു പകരം ഭൂമി അഴിമതി കേസിൽ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെയും സഹോദരി മിസ ഭാരതിയെയും ചോദ്യം ചെയ്തു. തേജസ്വി യാദവിനെ സിബിഐയും, സഹോദരി മിസ ഭാരതിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമാണ് ചോദ്യം ചെയ്തത്. അന്വേഷണ ഏജൻസികളുമായി താൻ എല്ലായ്പ്പോഴും സഹകരിച്ചിട്ടുണ്ടെന്നും എന്നാൽ രാജ്യത്തെ രാഷ്ട്രീയ സാഹചര്യം ദുഷ്കരമായിട്ടുണ്ടെന്നും തേജസ്വി യാദവ് പറഞ്ഞു. പ്രതിപക്ഷ പാർട്ടികളെ വേട്ടയാടാൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നതിനെ ചെറുത്തു തോൽപിക്കുമെന്നും തേജസ്വി യാദവ് പറഞ്ഞു.
അറസ്റ്റ് ചെയ്യില്ലെന്ന് സി.ബി.ഐ ഹൈക്കോടതിയിൽ ഉറപ്പ് നൽകിയതിനെ തുടർന്നാണ് തേജസ്വി ചോദ്യം ചെയ്യലിന് ഹാജരായത്. ബിഹാർ നിയമസഭാ സമ്മേളനത്തിന്റെ തിരക്ക് കണക്കിലെടുത്ത് സിബിഐയുടെ ചോദ്യം ചെയ്യൽ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തേജസ്വി യാദവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് സഭ സമ്മേളിക്കാത്ത ശനിയാഴ്ച ഹാജരാകണമെന്ന് സി.ബി.ഐ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.
ഇത് അംഗീകരിച്ച കോടതി ശനിയാഴ്ച ഹാജരാകാൻ തേജസ്വി യാദവിന് നിർദേശം നൽകി. ലാലു പ്രസാദ് യാദവ് കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെ നിയമനങ്ങൾക്ക് പകരമായി കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും പേരിൽ ഉദ്യോഗാർത്ഥികളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ഭൂമി കൈവശപ്പെടുത്തിയെന്നാണ് കേസ്.