പാലക്കാട്: കൗമാരക്കാര്‍ പ്രഭാത ഭക്ഷണം ഒഴിവാക്കുന്ന പ്രവണത വര്‍ധിച്ചു വരികയാണെന്നും ഇത് ആരോഗ്യ പ്രശ്നങ്ങളിലേക്കു നയിക്കുമെന്നും കൗമാരക്കാര്‍ക്കു വേണ്ടി പാലക്കാട് കേന്ദ്ര ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോ സംഘടിപ്പിച്ച പോഷകാഹാരമാസ വെബിനാര്‍ ചൂണ്ടിക്കാട്ടി. മലമ്പുഴ ഐസിഡിഎസ് പ്രൊജക്ട്, ഒറ്റപ്പാലം ആയുഷ്ഗ്രാം എന്നിവയുടെ സഹകരണത്തോടെയാണ് വെബിനാര്‍ സംഘടിപ്പിച്ചത്.
സിഡിപിഒ ഷീല ദേവസ്യ ഉദ്ഘാടനം ചെയ്തു. വിവിധങ്ങളായ കാരണങ്ങളാല്‍ കൗമാരപ്രായത്തിലെത്തുന്ന കുട്ടികള്‍ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതായി കാണുന്നുണ്ടെന്ന് ക്ലാസ് നയിച്ച ഒറ്റപ്പാലം ആയുഷ്ഗ്രാമിലെ സ്പെഷലിസ്റ്റ് മെഡിക്കല്‍ ഓഫിസര്‍ നിധിന് മോഹന്‍ ചൂണ്ടിക്കാട്ടി. പെണ്‍കുട്ടികളിലാണ് ഈ പ്രവണത കൂടുതല്‍. സായാഹ്നങ്ങളില്‍ വെയില് കൊള്ളുന്നത് വിറ്റമിന്‍ ഡി ലഭ്യതയ്ക്കു സഹായിക്കുമെന്നും കോവിഡ് കാലത്ത് നാം കൂടുതലായി വീട്ടിനുള്ളില്‍ ഇരിക്കുന്ന സാഹചര്യത്തില്‍ ഇതിനു കൂടുതല്‍ പ്രസക്തിയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൗമാരക്കാരും യോഗയും എന്ന വിഷയത്തില്‍ ആയുഷ്ഗ്രാം യോഗ പരിശീലകന് വി വിഷ്ണു ക്ലാസ് എടുത്തു. പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ എം സ്മിതി, ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോ ഉദ്യോഗസ്ഥ ജിമി ജോണ്സണ് സംസാരിച്ചു.
