സിഡ്നി: നാളെ നടക്കുന്ന ടി20 ലോകകപ്പിൽ നെതർലൻഡ്സിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം സിഡ്നിയിൽ ഒരുക്കിയ സൗകര്യങ്ങളിൽ അസംതൃപ്തരാണ്. സിഡ്നിയിലെ പരിശീലനത്തിന് ശേഷം വിളമ്പിയ ഭക്ഷണം ഇന്ത്യൻ ടീം ബഹിഷ്കരിച്ചു. പരിശീലനത്തിന് ശേഷം ഗുണനിലവാരമില്ലാത്ത തണുത്ത സാൻഡ് വിച്ചുകൾ മാത്രമാണ് നൽകിയതെന്നാണ് പരാതി.
ടീം അംഗങ്ങൾ ഉച്ചഭക്ഷണം ബഹിഷ്കരിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. വിരാട് കോഹ്ലി, ദിനേശ് കാർത്തിക്, ഋഷഭ് പന്ത്, കെഎൽ രാഹുൽ, ആർ അശ്വിൻ, മുഹമ്മദ് സിറാജ്, ശാർദൂൽ താക്കൂർ, ദീപക് ഹൂഡ എന്നിവരെല്ലാം പരിശീലനത്തിനായി സിഡ്നിയിൽ എത്തിയിരുന്നു. എന്നാൽ ക്യാപ്റ്റൻ രോഹിത് ശർമ ഉൾപ്പെടെയുള്ളവർ കുടുംബസമേതം പുറത്തുപോയി. എല്ലാ പേസർമാർക്കും ഇന്നലെ പൂർണ വിശ്രമം നൽകിയിരുന്നു.
പരിശീലനത്തിനുശേഷം, സംഘാടകർ ഇന്ത്യൻ കളിക്കാർക്ക് ഉച്ചഭക്ഷണമായി തണുത്ത സാൻഡ് വിച്ച് നൽകി. പരിശീലനത്തിന് ശേഷം ഗുണനിലവാരമില്ലാത്ത ഭക്ഷണം വിളമ്പിയെന്നും കഠിനമായ പരിശീലനത്തിന് ശേഷം സാൻഡ് വിച്ച് മാത്രം പോരെന്നും ഇന്ത്യൻ ടീമിലെ ഒരു അംഗം മാധ്യമങ്ങളോട് പറഞ്ഞു.