വാഷിങ്ടണ്‍: 13 വയസ്സുള്ള വിദ്യാര്‍ഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ അധ്യാപിക അറസ്റ്റില്‍. അമേരിക്കയിലെ ന്യൂജേഴ്സിയിലാണ് സംഭവം. ന്യൂജേഴ്സിയിലുള്ള ഒരു എലമെന്ററി സ്കൂളിലെ ഫിഫ്ത്ത് ഗ്രേഡ് അധ്യാപികയായ ലോറ കാരന് (28) ആണ് അറസ്റ്റിലായത്. വിദ്യാര്‍ഥിയുമായുള്ള ലൈംഗിക ബന്ധത്തില്‍ ഒരു കുഞ്ഞിനും അധ്യാപിക ജന്മം നല്‍കിയിരുന്നു.
2016 മുതല്‍ 2020 വരെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നിലവില്‍ 19-വയസ്സുകാരനായ വിദ്യാര്‍ഥിയുടെ വീട്ടുകാരും അധ്യാപികയും തമ്മില്‍ ഏറെ നാളത്തെ അടുപ്പമുണ്ടായിരുന്നു. വിദ്യാര്‍ഥിയെയും വിദ്യാര്‍ഥിയുടെ രണ്ട് സഹോദരങ്ങളെയും ഇടയ്ക്ക് അധ്യാപികയുടെ വീട്ടില്‍ നില്‍ക്കാനായി വീട്ടുകാര്‍ അനുവദിച്ചിരുന്നു. 2016 മുതല്‍ 2020 വരെയുള്ള കാലയളവില്‍ വിദ്യാര്‍ഥി അധ്യാപികയുടെ വീട്ടില്‍ നിരന്തരം താമസിച്ച കാലത്ത് അധ്യാപിക വിദ്യാര്‍ഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. തുടര്‍ന്നാണ് 2019-ല്‍ അധ്യാപിക ഒരു കുഞ്ഞിന് ജന്മം നല്‍കുന്നത്. ഇത് കുറ്റം തെളിയുന്നതിൽ നിർണായകമായിരുന്നു.
ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രത്തില്‍ കാരന്റെ കുഞ്ഞിന് തന്റെ മകനുമായുള്ള രൂപസാദൃശ്യം രക്ഷിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടതാണ് സത്യം പുറത്തുവരാന്‍ കാരണമായത്. തുടര്‍ന്ന് വിദ്യാര്‍ഥിയുടെ പിതാവ് ചോദ്യം ചെയ്തതോടെ കാരന് കുറ്റസമതം നടത്തുകയായിരുന്നു.അധ്യാപിക തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് വിദ്യാർഥിയും പോലീസ് ഉദ്യോഗസ്ഥരോട് സമ്മതിച്ചു. ലൈംഗിക പീഡനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അധ്യാപികയ്ക്കെതിരേ കേസെടുത്തിരിക്കുന്നത്.