ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ സഹപാഠിയെ വിദ്യാര്ഥികളെക്കൊണ്ട് തല്ലിച്ച സംഭവത്തില്‍ തെറ്റുസമ്മതിച്ച് അധ്യാപിക തൃപ്ത ത്യാഗി. വീഡിയോ സന്ദേശത്തിലാണ് തൃപ്തയുടെ കുറ്റസമ്മതം. തെറ്റ് സംഭവിച്ചെന്നും എന്നാല്‍ സഹപാഠിയെ തല്ലാന്‍ വിദ്യാര്ഥികളെക്കൊണ്ട് ആവശ്യപ്പെട്ടതിനു പിന്നില്‍ വര്‍ഗീയ ലക്ഷ്യമില്ലെന്നും തൃപ്ത പറഞ്ഞു. കൂപ്പുകൈകളോടെയാണ് അവര്‍ ക്ഷമാപണം നടത്തിയത്.
‘തെറ്റുപറ്റി. എന്നാല്‍ സംഭവത്തിനു പിന്നില്‍ ഹിന്ദു-മുസ്ലിം വേര്‍തിരിവ് ഉണ്ടായിരുന്നില്ല. കുട്ടികള്‍ ഹോം വര്‍ക്ക് ചെയ്തിരുന്നില്ല. പാഠങ്ങള്‍ മനഃപാഠമാക്കുന്നുവെന്ന് ഉറപ്പാക്കുക എന്നതായിരുന്നു തന്റെ ഉദ്ദേശ്യം. ഭിന്നശേഷിയുള്ളയാളാണ് താന്‍. എഴുന്നേല്ക്കാനാവില്ല. അതുകൊണ്ട് ചില കുട്ടികളെക്കൊണ്ട് കുട്ടിയെ തല്ലിച്ചു. അതുകാരണം അവന് പഠിക്കുമെന്നാണ് വിശ്വസിച്ചിരുന്നത്’, തൃപ്ത ത്യാഗി പറഞ്ഞു. സ്കൂള്‍ ഫീസ് താങ്ങാന്‍ കഴിയാത്ത പല മുസ്ലിം രക്ഷിതാക്കളുടെ മക്കളെ താന്‍ സൗജന്യമായി പഠിപ്പിക്കുന്നുണ്ട്. മുസ്ലിം കുട്ടികളെ പീഡിപ്പിക്കണമെന്ന ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്നും അധ്യാപിക പറഞ്ഞു.
കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ തൃപ്ത ത്യാഗിക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം തുടരുന്നതിനാല്‍ സ്കൂള്‍ താത്കാലികമായി പൂട്ടുകയും കുട്ടികളെ സമീപ സ്കൂളുകളിലേക്ക് മാറ്റുകയും ചെയ്തിരുന്നു. മുഖത്തടിച്ച സംഭവത്തിന്റെ വീഡിയോ പുറത്തുവിട്ട ആല്ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെയും പോലീസ് കേസെടുത്തു. കുട്ടിയെ തിരിച്ചറിയുംവിധം ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമംവഴി പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് കേസ്.