
ദില്ലി: പ്രമുഖ ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസ്, തങ്ങളുടെ പൂനെ കമ്പനിയിൽ നിന്ന് ജീവനക്കാരോട് ജോലിയിൽ നിന്ന് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നൂറുകണക്കിന് ജീവനക്കാർക്കാണ് ടിസിഎസ് പിരിച്ചുവിടൽ നോട്ടീസ് നൽകിയതെന്നാണ് റിപ്പോർട്ട്. ജോലിയിൽ നിന്ന് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ചില ജീവനക്കാർ ലേബർ കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. പ്രസവാവധിക്കിടെ തങ്ങളെ രാജിവയ്ക്കാൻ നിർബന്ധിതരാക്കിയതായി ചില വനിതാ ജീവനക്കാരും പരാതി നൽകിയിട്ടുണ്ട്.
ബാധിതരായ ജീവനക്കാർക്ക്, ശരിയായ പിരിച്ചുവിടൽ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും മതിയായ നഷ്ടപരിഹാരം നൽകിയിട്ടില്ലെന്നും പരാതിയുണ്ട്. ഈ വർഷം ആദ്യം, 12,000-ത്തിലധികം ജീവനക്കാർക്ക് ഈ വർഷം ജോലി നഷ്ടപ്പെടുമെന്ന് ടിസിഎസ് പ്രഖ്യാപിച്ചിരുന്നു, ഈ വർഷം തങ്ങളുടെ ആഗോള ജീവനക്കാരുടെ രണ്ട് ശതമാനം പിരിച്ചുവിടുമെന്നാണ് ടിസിഎസ് പ്രഖ്യാപിച്ചത്. ഇത് പ്രകാരം കമ്പനി 12,261 ജീവനക്കാരെ പിരിച്ചുവിട്ടേക്കും. ഇന്ത്യയിലുടനീളമുള്ള എല്ലാ ഓഫീസുകളും ഇപ്പോൾ അതിന്റെ ആഘാതം നേരിടുകയാണ്. കഴിഞ്ഞ കുറച്ച് ദിവസത്തിനുള്ളിൽ കമ്പനി പൂനെ ഓഫീസിൽ നിന്ന് 365 ജീവനക്കാരെ പിരിച്ചുവിട്ടതായുള്ള പുതിയ റിപ്പോർട്ട് ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
പിരിച്ചുവിടൽ കാരണം
എഐ ഉപയോഗിച്ച് ജോലികൾ വെട്ടിക്കുറയ്ക്കുക എന്നുള്ളതാണ് ടിസിഎസ് ചെയ്യുന്നത്. ലാഭവിഹിതം നിലനിര്‍ത്തുന്നതിനും വിപണിയില്‍ മത്സരക്ഷമത തുടരുന്നതിനും കമ്പനിയുടെ ഈ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തലുകള്‍. ഐടി രംഗത്ത് വന്‍ കമ്പനികളെല്ലാം എഐയില്‍ വന്‍ നിക്ഷേപങ്ങള്‍ നടത്തുകയും ജോലിക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുകയും ചെയ്യുന്നത് ഇപ്പോള്‍ ആഗോള ട്രെന്‍ഡാണ്.


