
മനാമ: ബഹ്റൈനില്‍ വ്യക്തിഗത ടാക്സികള്‍ക്കായി സ്മാര്‍ട്ട് ടാക്സി മീറ്റര്‍ സ്ഥാപിക്കല്‍ പൂര്‍ത്തിയാക്കിയതായി ഗതാഗത ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിലെ ലാന്‍ഡ് ട്രാന്‍സ്പോര്‍ട്ട് ആന്റ് പോസ്റ്റ് അഫയേഴ്സ് അണ്ടര്‍സെക്രട്ടറി ഫാത്തിമ അബ്ദുല്ല അല്‍ ദാന്‍ അറിയിച്ചു.
ഭൂഗതാഗത സേവനങ്ങള്‍ മെച്ചപ്പെടുത്താനും ഡിജിറ്റല്‍ മുന്നേറ്റങ്ങളുമായി യോജിപ്പിക്കാനും ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും നീതിയും സുതാര്യതയും ഉറപ്പാക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു. സ്മാര്‍ട്ട് മീറ്ററുകള്‍ കൃത്യമായ ഡ്രൈവര്‍, ട്രിപ്പ് വിവരങ്ങള്‍, റൂട്ട് വിശദാംശങ്ങള്‍, നിരക്ക് കണക്കുകൂട്ടല്‍, അംഗീകൃത താരിഫുകള്‍ എന്നിവ നല്‍കുമെന്ന് അല്‍ ദാന്‍ വ്യക്തമാക്കി. ഓട്ടോമേറ്റഡ് ഫെയര്‍ കമ്പ്യൂട്ടേഷന്‍, ആധുനിക റൈഡ്-ഹെയ്ലിംഗ് ആപ്പുകളുമായി സമന്വയിപ്പിച്ച സ്മാര്‍ട്ട് മാപ്പുകള്‍, ബാങ്ക് കാര്‍ഡുകള്‍, ബെനിഫിറ്റ് ആപ്പ് തുടങ്ങിയ ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനങ്ങളുമായി ഭാവിയില്‍ സംയോജിപ്പിക്കാനുള്ള സാധ്യതകള്‍ എന്നിവ അവയില്‍ ഉള്‍പ്പെടുന്നതായും അവര്‍ പറഞ്ഞു.
