മനാമ: ബഹ്റൈനിൽ താമസിക്കുന്ന പ്രവാസികൾ സ്വന്തം രാജ്യങ്ങളിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തണമെന്ന് ആവശ്യം. ഇതുസംബന്ധിച്ച് എം.പിമാർ ശുപാർശ സമർപ്പിച്ചതായാണ് റിപ്പോർട്ട്. നികുതി ഘടന ഉൾപ്പെടെയുള്ള ശുപാർശയാണ് എംപിമാരുടെ പിന്തുണയോടെ സമർപ്പിച്ചിട്ടുള്ളത്.
പ്രവാസികൾ അയയ്ക്കുന്ന പണത്തിന് 200 ബഹ്റൈൻ ദിനാറിൽ(ഏകദേശം 43,000 ഇന്ത്യൻ രൂപ) താഴെയുള്ള തുകയ്ക്ക് ഒരു ശതമാനവും , 201 ദിനാർ മുതൽ 400 ദിനാർ വരെ (ഏകദേശം 87,000 ഇന്ത്യൻ രൂപ) അയയ്ക്കുന്ന പണത്തിന് 2 ശതമാനവും 400 ദിനാറിന് മുകളിൽ അയയ്ക്കുമ്പോൾ തുകയുടെ മൂന്ന് ശതമാനവും നികുതി ചുമത്തണമെന്നാണ് ശുപാർശ.
ബഹ്റൈനിലെ നികുതി നിയമപ്രകാരം നിക്ഷേപ പരിരക്ഷ, മൂലധന കൈമാറ്റം, മറ്റ് ഇടപാടുകൾ തുടങ്ങിയ ഇടപാടുകൾക്ക് ഇളവ് അനുവദിച്ച് നികുതി ശുപാർശ നടപ്പാക്കണമെന്നാണ് ആവശ്യം. അംഗീകൃത ധനകാര്യ സ്ഥാപനങ്ങൾ വഴി പണം അയയ്ക്കുന്ന സമയത്ത് തന്നെ പ്രവാസികൾ നികുതി നൽകണം. തുടർന്ന് ബഹ്റൈൻ നാഷണൽ ബ്യൂറോ ഓഫ് റവന്യൂ ഈ സ്ഥാപനങ്ങളിൽ നിന്ന് നികുതി ശേഖരിക്കണം.