തിരുവനന്തപുരം: മരച്ചീനിയില്‍ നിന്നും മദ്യം ഉടന്‍ നടപ്പിലാക്കുമെന്ന് എക്സൈസ് മന്ത്രി എംവി ഗോവിന്ദന്. ബജറ്റ് പ്രഖ്യാപനം വന്ന സാഹചര്യത്തില്‍ ഉടന്‍ നടപ്പിലാക്കാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി
ഇതിന്റെ നടപടികള്‍ വേഗം തന്നെ ആരംഭിക്കാന്‍ സാധിക്കുമെന്നും മരച്ചീനിയില്‍ നിന്നും മദ്യം ഉദ്പാദിപ്പിക്കാന്‍ പ്രത്യേക നിയമനിര്‍മ്മാണം ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.
‘ധാന്യങ്ങളല്ലാത്ത പഴവര്‍ഗം, പച്ചക്കറികള്‍ തുടങ്ങിയ കാര്‍ഷിക വിളകളില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കണമെന്നാണ് പൊതുവേ കാണുന്നത്. അതില്‍ വൈനും വീര്യം കുറഞ്ഞ മദ്യമുള്പ്പടെയെല്ലാം പരിശോധിക്കാനാവുന്നതാണ്. ഇതിന് പ്രത്യേക നിയമഭേദഗതികള്‍ ഒന്നും ആവശ്യമില്ല. 29 ശതമാനത്തില്‍ കുറഞ്ഞ വീര്യമുള്ള മദ്യം ഉത്പാദിപ്പിക്കുന്നതിന് സാധാരണ സംവിധാനത്തിന്റെ ഭാഗമായി ചെയ്യാവുന്നതാണ്. ബജറ്റില്‍ പ്രഖ്യാപനമുണ്ടായ സാഹചര്യത്തില്‍ പെട്ടെന്ന് തന്നെ നടപടികള്‍ ഉണ്ടാവുന്നതാണ്’. ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിഞ്ഞാല്‍ കൃഷിക്കാരെ സംബന്ധിച്ചിടത്തോളം മരച്ചീനി കൃഷി വലിയ രീതിയില്‍ വ്യാപിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.
മരച്ചീനിയില്‍നിന്ന് മദ്യം ഉല്പാദിപ്പിക്കാന് തുക വകയിരുത്തിയിരുന്നു. മരച്ചീനിയില്‍നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനാണ് പദ്ധതി. ഇതിനായി രണ്ടുകോടി വകയിരുത്തിയതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. തിരുവനന്തപുരം കിഴങ്ങ് ഗവേഷണ കേന്ദ്രത്തില്‍ മരച്ചീനിയില്‍ നിന്നും എഥനോളും മറ്റ് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും ഉത്പാദിപ്പിക്കാനായുള്ള പദ്ധതിയ്ക്കായാണ് രണ്ട് കോടി രൂപ മാറ്റിവെച്ചത്.
പത്ത് മിനി ഫുഡ് പാര്‍ക്കുകള്‍ സ്ഥാപിക്കാനുള്ള നിര്‍ദേശവും ബജറ്റ് മുന്നോട്ടുവെച്ചു. വ്യവസായ വകുപ്പിന് കീഴില്‍ പത്ത് മിനി ഫുഡ് പ്രോസസിങ് പാര്‍ക്ക്. ഫുഡ് പ്രോസസിങ് പാര്‍ക്കുകള്‍ക്കായി ഇതിനായി 100 കോടിയാണ് വകയിരുത്തിയിരിക്കുന്നു. റോഡ് നിര്‍മാണത്തില്‍ റബര്‍ മിശ്രിതം ചേര്‍ക്കും. ഇതിനായി 50 കോടി വകയിരുത്തി. നാളികേര വികസനത്തിന് 73.93 കോടിയും കൃഷി ശ്രീ പദ്ധതിക്ക് 19.81 കോടി രൂപയും വകയിരുത്തിയതായും മന്ത്രി അറിയിച്ചു. നെല്ലിന്റെ താങ്ങുവില 28.20 ആയി ഉയര്‍ത്തി.
