തിരുവനന്തപുരം: താനൂരിലെ കസ്റ്റഡി മരണത്തിലെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പൊലീസ് കൃത്രിമം കാണിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പൊലീസിനെ രക്ഷിക്കാന്‍ ഉന്നതതല ഗൂഢാലോചന നടക്കുകയാണ്. പൊലീസ് മര്‍ദ്ദനമാണ് താമിര്‍ ജിഫ്രിയുടെ മരണ കാരണം. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ മറുപടി പറയണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
‘പൊലീസ് അന്വേഷണം കൊണ്ട് പ്രത്യേകിച്ച് കാര്യമില്ല. പൊലീസിന്റെ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൃത്രിമം നടത്താന്‍ ശ്രമിക്കുന്നു എന്ന് പറഞ്ഞ് എനിക്ക് ധാരാളം ഫോണ്‍ കോളുകള്‍ വന്നിരുന്നു. പൊലീസുകാരെ രക്ഷിക്കാന്‍ ഉന്നതതലത്തില്‍ ഗൂഢാലോചന നടത്തുന്നുവെന്നാണ് പരിശോധയില്‍ നിന്നും എനിക്ക് മനസ്സിലായത്. പൊലീസുകാര്‍ മര്‍ദ്ദിച്ചുകൊന്ന കേസ് പൊലീസ് തന്നെ അന്വേഷിച്ചിട്ട് എന്താണ് കാര്യം. ഇത് സിബിഐ അന്വേഷിക്കണം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്.മരണപ്പെട്ട താമിര്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള ശിക്ഷയാണ് അയാള്‍ക്ക് നല്‍കേണ്ടത്. അല്ലാതെ അദ്ദേഹത്തെ മര്‍ദ്ദിക്കാനും ശരീരത്തില്‍ പരുക്കുണ്ടാക്കാനും ആന്തരികാവയവങ്ങള്‍ക്ക് പരിക്കേല്‍പ്പിക്കാനുമുള്ള സാഹചര്യം പൊലീസ് എങ്ങനെ ഒരുക്കിയെന്നാണ് പരിശോധിക്കേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസിന്റെ മര്‍ദ്ദനമേറ്റാണ് താമിര്‍ മരിച്ചതെന്നതില്‍ സംശയമില്ല. പൊലീസ് നയത്തിന്റെ വൈകൃതമാണ് കസ്റ്റഡി മരണത്തിന് കാരണം. അക്കാര്യത്തില്‍ പൊലീസും സര്‍ക്കാരും മറുപടി പറയേണ്ടതുണ്ടെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.