ആര്യങ്കാവ്: കൊല്ലം ആര്യങ്കാവിൽ മായം കലർന്ന പാൽ പിടികൂടിയ സംഭവത്തിൽ പാൽ സൂക്ഷിച്ചിരുന്ന ടാങ്കർ പൊട്ടിത്തെറിച്ചു. ടാങ്കറിന്റെ ആദ്യ കമ്പാർട്ട്മെന്റ്റാണ് പൊട്ടിത്തെറിച്ചത്. കമ്പാർട്ട്മെന്റിനുള്ളിലെ മർദ്ദമാണ് പൊട്ടിത്തെറിക്ക് കാരണമായതെന്നാണ് സൂചന. 15,300 ലിറ്റർ പാലുമായി വന്ന ടാങ്കർ ലോറി കഴിഞ്ഞ 6 ദിവസമായി തെൻമല സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
ക്ഷീരവികസന വകുപ്പ് പിടിച്ചെടുത്ത പാലിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലാബിൽ നടത്തിയ പരിശോധനയിൽ ഹൈഡ്രജൻ പെറോക്സൈഡ് കണ്ടെത്താനായില്ല. പാലിൽ കൊഴുപ്പിന്റെ കുറവ് മാത്രമാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന് കണ്ടെത്താൻ കഴിഞ്ഞത്. ജനുവരി 11ന് തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന പാൽ ക്ഷീരവികസന വകുപ്പ് പിടിച്ചെടുത്തിരുന്നു. അതിർത്തി സംസ്ഥാനങ്ങളിൽ നിന്ന് മായം കലർന്ന പാൽ കേരളത്തിലേക്ക് കടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്. കെഎൽ 31 എൽ 9463 എന്ന ലോറിയിൽ കൊണ്ടുവന്ന 15,300 ലിറ്റർ പാലിൽ ഹൈഡ്രജൻ പെറോക്സൈഡിന്റെ സാന്നിദ്ധ്യം കണ്ടെത്തിയെന്നായിരുന്നു ആദ്യ റിപ്പോർട്ട്.
പന്തളം കേന്ദ്രമായുള്ള ഫാമിലേക്കാണ് പാൽ കൊണ്ടുവന്നതെന്നാണ് ലോറി ഡ്രൈവറുടെ വിശദീകരണം. ആര്യങ്കാവ് ചെക്പോസ്റ്റിൽ പിടിച്ചെടുത്ത പാലിൽ മായം കലർന്നത് പരിശോധിക്കുന്നതിൽ വകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഭക്ഷ്യസുരക്ഷാ കമ്മിഷണർ വ്യക്തമാക്കിയിരുന്നു. ക്ഷീരവികസന വകുപ്പിന്റെ ആദ്യ പരിശോധന താൽക്കാലിക ലാബിലാണ് നടത്തിയത്. എൻഎബിഇൽ അക്രഡിറ്റേഷനുള്ള ലാബിൽ പരിശോധിച്ചപ്പോൾ ആദ്യ പരിശോധനയിൽ നിന്നും വിഭിന്നമായ ഫലമാണ് ലഭിച്ചത്.