
മനാമ: ഉദ്യോഗാര്‍ത്ഥികളായ ആയിരത്തിലധികം ബഹ്റൈനികള്‍ക്ക് വെര്‍ച്വല്‍ സാങ്കേതിക പരിശീലനത്തിന് ലേബര്‍ ഫണ്ട് (തംകീന്‍) അവസരമൊരുക്കുന്നു. ആഗോള ഓണ്‍ലൈന്‍ പരിശീലന പ്ലാറ്റ്ഫോമായ പ്ലൂറല്സൈറ്റുമായി സഹകരിച്ചാണ് ഈ പദ്ധതി.
ഈ പദ്ധതി വഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് 7,000ത്തിലധികം കോഴ്സുകളുടെ വിപുലമായ ലൈബ്രറിയിലേക്ക് പ്രവേശനം നല്‍കും. ഭാവിയിലെ ജോലികള്‍ക്കായി അവരെ സജ്ജമാക്കുക, തൊഴിലില്‍ വളരാന്‍ പ്രാപ്തരാക്കുക, തൊഴില്‍ വിപണിയിലെ മത്സരശേഷി വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ബഹ്റൈനികളുടെ സാങ്കേതിക വൈദഗ്ധ്യം വര്‍ധിപ്പിക്കാനുള്ള തംകീന്റെ ശ്രമത്തിന്റെ ഭാഗമായാണിത്.
ഈ സംരംഭം ഐ.സി.ടി. മേഖലയില്‍ ജോലി ചെയ്യുന്ന ബഹ്റൈനികളുടെ വൈദഗ്ധ്യം വിലയിരുത്തുന്നതിന് പുറമെ വിവിധ മേഖലകളിലെ വിപുലമായ പരിശീലന കോഴ്സുകളില്‍ പങ്കാളികളാകാന്‍ അവരെ സഹായിക്കുകയും ചെയ്യും. കൂടാതെ, പങ്കെടുക്കുന്നവര്‍ പഠന ലക്ഷ്യങ്ങള്‍ ഫലപ്രദമായി കൈവരിക്കുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് അവര്‍ക്ക് അനുയോജ്യമായ വ്യക്തിഗത പഠനപാതകളിലേക്ക് പ്രവേശനം നല്‍കുകയും ചെയ്യും.
രാജ്യത്തിന് അഭിമാനമായ ഉയര്‍ന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളെ തംകീന്‍ ചീഫ് എക്സിക്യൂട്ടീവ് മഹ അബ്ദുല്‍ഹമീദ് മൊഫീസ് അഭിനന്ദിച്ചു. പ്രവര്‍ത്തിക്കുന്ന ഏതൊരു സംരംഭത്തിന്റെയും ഡിജിറ്റല്‍ പരിവര്‍ത്തന യാത്രയില്‍ ഫലപ്രദമായി സംഭാവന ചെയ്യാന്‍ കഴിവുള്ള യോഗ്യരായ സാങ്കേതിക പ്രതിഭകളുടെ കേന്ദ്രമെന്ന നിലയില്‍ ബഹ്റൈന്‍ അറിയപ്പെടുന്നതായും അവര്‍ പറഞ്ഞു.
തംകീനുമായി സഹകരിക്കാനും ബഹ്റൈന്‍ തൊഴിലാളികള്‍ക്ക് നിര്‍ണായകമായ സാങ്കേതിക വിദ്യാഭ്യാസം നല്‍കാനും അവസരം ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് പ്ലൂറല്സൈറ്റ് സി.ഇ.ഒ. എറിന് ഗജ്ദലോ പറഞ്ഞു.
