ഡിണ്ടിഗൽ: പുതുവർഷത്തിൽ കൊലപാതകം, മോഷണം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ കുറയ്ക്കാനായി ആടുകളെ ബലിയർപ്പിച്ച് വടമധുരൈ പൊലീസ് സ്റ്റേഷനിലെ പോലീസുകാർ. തമിഴ് നാട്ടിൽ ഡിണ്ടിഗലിലാണ് സംഭവം. മൃഗബലിക്കും പൂജയ്ക്കും ശേഷം ആടിനെ സേവിക്കുകയും എല്ലാവർക്കും സദ്യ നൽകുകയും ചെയ്തു. അയ്യല്ലൂരിലെ ക്ഷേത്രത്തിലാണ് പൊലീസ് ബലി നടത്തിയത്.
വടമധുരൈ പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ കുറച്ച് നാളുകളായി കുറ്റകൃത്യങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കേസുകളുടെ എണ്ണം കുറയ്ക്കുന്നതിനും പൊലീസുകാരെ സമാധാനപരമായി ജോലി ചെയ്യാൻ അനുവദിക്കുന്നതിനുമാണ് പൂജ നടത്തിയത്.
എന്നാൽ ഇതാദ്യമായല്ല പോലീസ് ഇത്തരത്തിൽ മൃഗബലി പൂജ നടത്തുന്നത്. എല്ലാ പുതുവത്സര ദിനത്തിലും വടമധുരൈ സ്റ്റേഷനിലെ പോലീസുകാർ ഈ ക്ഷേത്രം സന്ദർശിക്കുകയും ആടിനെ ബലിയർപ്പിച്ച് പൂജ നടത്തുകയും ചെയ്യുന്നു. പോലീസും കുടുംബാംഗങ്ങളും ഈ വഴിപാടിൽ പങ്കെടുക്കുന്നു. ഡി.വൈ.എസ്.പി ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് സൂചന.