ന്യൂ ഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറന്ന തമിഴ് നാടിൻ്റെ നടപടി ജനങ്ങളുടെ ജീവനോടുള്ള വെല്ലുവിളിയാണെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം.പി
നിലവിൽ തുറന്നിരിക്കുന്ന എട്ട് ഷട്ടറുകൾക്കൊപ്പം പുലർച്ചെ മൂന്നരയോടെ രണ്ട് ഷട്ടറുകൾ കൂടി തുറക്കുകയായിരുന്നു.മുന്നറിയിപ്പില്ലാതെയാണ് തമിഴ്നാട് ഷട്ടറുകൾ തുറന്നത്. 60 സെൻറീമീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയത്. പിന്നീട് ഇത് മുപ്പത് സെൻറീമീറ്ററായി കുറച്ചു. പെരിയാറിന്റെ ഇരുകരകളിലുമുള്ളവരുടെ ജീവനും സ്വത്തിനും അപകടമുണ്ടാകുന്ന തരത്തിലുള്ള തമിഴ് നാടിൻ്റെ നടപടി തീർത്തും നിർഭാഗ്യകരമാണ്.
ഒരു മാസത്തിനിടെ ഇത് നാലാം തവണയാണ് മുന്നറിയിപ്പില്ലാതെ രാത്രി 10 മണിക്ക് ശേഷം മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നുവിടുന്നത്.ഇത്തരം നടപടികൾ തമിഴ്നാട് ആവർത്തിക്കരുതെന്ന് ജോസ് കെ മാണി ആവശ്യപ്പെട്ടു.