ചെന്നൈ: തമിഴ് നടി വിജയലക്ഷ്മി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആത്മഹത്യ ശ്രമത്തെ തുടർന്ന് ഇവർ ചെന്നൈ ആശുപത്രിയിൽ ചികിത്സയിലാണ്. നാം തമിഴർ പാർട്ടി നേതാക്കളായ സീമൻ, പനങ്കട്ടു പാദൈ എന്നിവരുടെ അനുയായികൾ വിജയലക്ഷ്മിയെ മാനസികമായി പീഡിപ്പിച്ചതായി താരം വെളിപ്പെടുത്തിയിരുന്നു.
നടനും രാഷ്ട്രീയ പ്രവർത്തകനുമായ സീമാനിൽ നിന്നും പാർട്ടി അംഗങ്ങളിൽ നിന്നും താൻ അനുഭവിക്കുന്ന പീഡനത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ താരം അപ്ലോഡ് ചെയ്തിരുന്നു.
“ഇത് എന്റെ അവസാന വീഡിയോയാണ്, കഴിഞ്ഞ നാല് മാസമായി ഞാൻ സീമാനും അദ്ദേഹത്തിന്റെ പാർട്ടി അംഗങ്ങളും കാരണം കടുത്ത സമ്മർദ്ദത്തിലാണ്. എന്റെ അമ്മയും സഹോദരിയും കാരണം ഈ ദിവസങ്ങളിലെല്ലാം അതിജീവിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു. പക്ഷേ എന്നെ മാധ്യമങ്ങളിൽ അപമാനിച്ചാണ് അടുത്തിടെ ഹരിനദർ എഴുതിയത്, ”അവർ വീഡിയോയിൽ പറഞ്ഞു. തന്റെ മരണം എല്ലാവരുടേയും കണ്ണു തുറപ്പിക്കുമെന്നും വിജയലക്ഷ്മി പറഞ്ഞു. തുടർന്ന് അമിത അളവിൽ ഗുളിക കഴിഞ്ഞ വിജയലക്ഷ്മി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
ഫ്രണ്ട്സ്, ബോസ് എങ്കിര ഭാസ്കരൻ, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് വിജയലക്ഷ്മി. മലയാള ചിത്രമായ ദേവദൂതനിലും വിജയലക്ഷ്മി പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.