ചെന്നൈ: തമിഴ് ചലച്ചിത്ര താരം ധനുഷിന്റെ വസതിയിൽ ബോംബ് ഭീഷണി. തേനംപേട്ടിലെ ധനുഷിന്റെ വസതിയിൽ ബോംബ് വെച്ചതായി ചെന്നൈ പൊലീസ് കൺട്രോൾ റൂമിലേക്ക് അജ്ഞാത ഫോൺ സന്ദേശം ലഭിച്ചു. സംഭവത്തിൽ അന്വേഷണം നടത്തിയെന്നും വ്യാജ ഭീഷണിയാണ് ലഭിച്ചതെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
ഇക്കഴിഞ്ഞ സെപ്തംബർ മാസം നടൻ സൂര്യയുടെ ഓഫീസിന് നേരെയും ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ആൽവാർ പേട്ടിലുള്ള ഓഫീസിന് നേരെയാണ് ബോംബ് ഭീഷണി ഉണ്ടായത്. സന്ദേശം ലഭിച്ച ഉടൻ തന്നെ ബോംബ് സ്ക്വാഡ് ഉൾപ്പെടെയുള്ളവർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും ഇവിടെ നിന്നും കണ്ടെത്താനായില്ല.
താരങ്ങളായ വിജയ്, അജിത്ത്, രജനീകാന്ത് എന്നിവരുടെയെല്ലാം വസതിയ്ക്ക് നേരെ കഴിഞ്ഞ മാസങ്ങളിൽ ഇത്തരത്തിൽ ബോംബ് ഭീഷണി വ്യാജ സന്ദേശം ലഭിച്ചിരുന്നു.