കാബൂൾ: അഫ്ഗാനിസ്താനിലെ ഐഎസ് നേതാവിനെ താലിബാൻ ഭീകരർ കൊലപ്പെടുത്തി. മൗലവി സിയ ഉൾ ഹഖ് എന്ന് അറിയപ്പെട്ടിരുന്ന ഐഎസ് നേതാവ് ഉമർ ഖൊറസാനിയെയാണ് താലിബാൻ ഭീകരർ കൊന്നത്. ഖൊറസാനി അഫ്ഗാനിലെ പുലെ ഛർഖി ജയിലിൽ തടവിലായിരുന്നു. നേതാവിനെ മോചിപ്പിച്ച ശേഷമാണ് കൊലപ്പെടുത്തിയത്. ഷെയ്ഖ് ഒമർ ഖൊരസാനി തീവ്രവാദ ഗ്രൂപ്പിലെ മറ്റ് രണ്ട് മുതിർന്ന നേതാക്കളോടൊപ്പമാണ് പിടിക്കപ്പെട്ടത്.
നൻഗർഹാറിൽ ഐ എസ് ക്യാമ്പ് രൂപീകരിച്ചപ്പോൾ തന്നെ അത് ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് താലിബാൻ ഖൊറസാനിയ്ക്ക് കത്തയച്ചിരുന്നു. എന്നാൽ താലിബാന്റെ ആവശ്യത്തിന് ഐഎസ് വലിയ വില കൽപ്പിച്ചില്ല. കൂടാതെ താലിബാൻ അംഗങ്ങളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യാനും തുടങ്ങി. ഇത് ഇരു ഭീകരരും തമ്മിലുള്ള ബന്ധം വഷളാക്കുകയായിരുന്നു.
2015 മുതൽ അഫ്ഗാനിൽ ശക്തമായ ആധിപത്യം ഉണ്ടാക്കാൻ ഐ.എസ് ശ്രമിക്കുന്നുണ്ട്. രാജ്യത്തിന്റെ കിഴക്കൻ മേഖലയായ നൻഗർഹാറിൽ 2015ൽ ഇവർക്ക് ഇസ്ലാമിക് സ്റ്റേറ്റ് ഖോറസാൻ പ്രാെവിൻസ് എന്ന പേരിൽ ക്യാമ്പ് രൂപീകരിച്ചെങ്കിലും വളർച്ച പ്രാപിക്കാൻ കഴിഞ്ഞില്ല. താലിബാൻ അന്ന് മുതൽ തന്നെ ഐഎസിനെ എതിരാളിയായാണ് കാണുന്നത്. 2020ലാണ് ഖൊറസാനി അഫ്ഗാൻ ജയിലിൽ തടവിലാക്കപ്പെടുന്നത്.