
ദോഹ: വ്യക്തികളുടെ സ്വകാര്യതയെ ലംഘിക്കുന്നവർക്കുള്ള ശിക്ഷ കടുപ്പിച്ച് സൈബർ കുറ്റകൃത്യ നിയമങ്ങളിൽ ഭേദഗതി വരുത്തി ഖത്തർ. പൊതുസ്ഥലത്ത് വെച്ച് വ്യക്തികളുടെ സമ്മതമോ അറിവോ ഇല്ലാതെയും നിയമം അനുവദിക്കാത്ത സാഹചര്യങ്ങളിലും അവരുടെ ചിത്രങ്ങളോ വീഡിയോകളോ എടുക്കുകയോ അവ ഇന്റര്‍നെറ്റിലൂടെ പോസ്റ്റ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ മറ്റുള്ള മാർഗങ്ങളിലൂടെ പ്രസിദ്ധീകരിക്കുകയോ ചെയ്ത് അവരുടെ സ്വകാര്യതയെ ലംഘിക്കാൻ പാടില്ലെന്നതാണ് പുതിയ ഭേദഗതി.
സ്വകാര്യത ലംഘിച്ച് ചിത്രങ്ങളും വീഡിയോകളും എടുത്താൽ കനത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരും. ഭേദഗതി ചെയ്ത വ്യവസ്ഥ പ്രകാരം ഒരു വർഷം വരെ തടവും ഒരു ലക്ഷം ഖത്തരി റിയാൽ (ഏകദേശം 24 ലക്ഷത്തിലേറെ ഇന്ത്യൻ രൂപ) വരെ പിഴയും, അല്ലെങ്കിൽ ഇവയിലേതെങ്കിലുമൊരു ശിക്ഷയോ ലഭിക്കുന്ന കുറ്റമാണിത്. ഭേദഗതി ചെയ്ത 2014 ലെ 14–ാം നമ്പർ സൈബർ ക്രൈം നിയമത്തിലെ വ്യവസ്ഥകൾക്ക് അമീർ ശെയ്ഖ് തമീം ബിൻ ഹമദ് അൽതാനി അംഗീകാരം നൽകിയതോടെ നിയമം ഓഗസ്റ്റ് നാലിന് പുറത്തിറങ്ങിയ ഔദ്യോഗിക ഗസറ്റിന്റെ 20-ാം പതിപ്പിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗസറ്റിൽ പ്രസിദ്ധീകരിച്ചതിനാൽ നിയമം പ്രാബല്യത്തിലായി.
