
മനാമ: ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷനും ഇന്റർനാഷനൽ ക്രിക്കറ്റ് കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നു ദിവസത്തെ ‘ഡി.പി വേൾഡ് ഐ.സി.സി പുരുഷ ടി20 ലോകകപ്പ് ട്രോഫി ബഹ്റൈൻ ടൂർ ആരംഭിച്ചു.
ക്രിക്കറ്റ് ആരാധകർക്കും വിദ്യാർഥികൾക്കും കുടുംബങ്ങൾക്കും ലോകകപ്പ് കിരീടം നേരിട്ട് കാണാനും ചിത്രങ്ങൾ പകർത്താനുമുള്ള അപൂർവ അവസരമാണുള്ളത്. മുഹറഖിലെ വാട്ടർ ഗാർഡൻ സിറ്റിയിലേക്ക് ബിസിനസ് ബേ വഴി നടത്തിയ ‘റോയൽ ബോട്ട് പരേഡോടെ’ ടൂറിന് തുടക്കമായത്. തുടർന്ന് വൈകീട്ട് നാലുവരെ വാട്ടർ ഗാർഡൻ സിറ്റിയിൽ ആരാധകർക്കായി പ്രദർശനം നടത്തി.

തുടർന്ന് അവന്യൂസ്, ആവാലി ക്രിക്കറ്റ് ഗ്രൗണ്ട്, ദാന മാൾ, അൽ നജ്മ ക്ലബ് ആരാധകർക്കായി ഫാൻ എൻഗേജ്മെന്റ് സെഷനുകൾ സംഘടിപ്പിച്ചു. ആഗോള ക്രിക്കറ്റ് ഭൂപടത്തിൽ ബഹ്റൈന്റെ പ്രാധാന്യം വർധിക്കുന്നതാണ് ഈ ട്രോഫി ടൂർ അടയാളപ്പെടുത്തുന്നതെന്ന് ബി.സി.എഫ് അഡ്വൈസറി ബോർഡ് ചെയർമാൻ മുഹമ്മദ് മൻസൂർ വ്യക്തമാക്കി.


