ഗീലോങ്: ടി20 ലോകകപ്പിലെ ആവേശകരമായ ഗ്രൂപ്പ് എ മത്സരത്തിൽ നെതർലൻഡ്സ് യു.എ.ഇയെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ചു. 112 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നെതർലൻഡ്സ് 76-6 എന്ന നിലയിലേക്ക് ചുരുങ്ങിയെങ്കിലും ടിം പ്രിംഗിൾ (15), സ്കോട്ട് എഡ്വേർഡ്സ് (16*) എന്നിവർ നടത്തിയ പോരാട്ടത്തിനൊടുവില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഒരു പന്ത് ബാക്കി നിര്‍ത്തി നെതര്‍ലന്‍ഡ്സ് ലക്ഷ്യത്തിലെത്തി.
ലോഗൻ വാൻ ബീക്കും (4*) വിജയത്തിൽ എഡ്വേർഡ്സിനൊപ്പം കൂട്ടായി. യു.എ.ഇക്ക് വേണ്ടി ജുനൈദ് സിദ്ദീഖ് ഒരോവറിൽ രണ്ട് വിക്കറ്റ് ഉൾപ്പെടെ ആകെ മൂന്ന് വിക്കറ്റ് വീഴ്ത്തി. യുഎഇ 20 ഓവറിൽ 111-8, നെതർലൻഡ്സ് 19.5 ഓവറിൽ 112-7.
112 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നെതർലൻഡ്സിന് രണ്ടാം ഓവറിൽ ഓപ്പണർ വിക്രംജിത് സിങ്ങിനെ (14) നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ മാക്സ് ഒഒഡോഡും ബാസ് ഡി ലീഡും ചേർന്ന് മികച്ച സ്കോറിലെത്തിച്ചു. പവർപ്ലേയുടെ അവസാന ഓവറിൽ മാക്സ് ഒഡോഡിനെ (18 പന്തിൽ 23) പുറത്താക്കി ജുനൈദ് സിദ്ദീഖ് യു.എ.ഇക്ക് വീണ്ടും പ്രതീക്ഷ നൽകി. പവർപ്ലേ അവസാനിക്കുമ്പോൾ നെതർലൻഡ്സ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 42 റണ്‍സെന്ന നിലയിലായിരുന്നു.