കാസര്‍കോട്: കവി ടി. ഉബൈദിന്റെ സ്മരണയ്ക്കായി ദുബായ് കെ.എം.സി.സി. കാസര്‍കോട് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ ടി. ഉബൈദ് സ്മാരക സാഹിത്യശ്രേഷ്ഠ പുരസ്കാരം കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ പ്രൊഫ. കെ. സച്ചിദാനന്ദന് സമ്മാനിക്കും.
കവിതയിലും മലയാളഭാഷയിലും സാമൂഹിക, സാംസ്കാരിക രംഗങ്ങളിലും ശ്രദ്ധേയസംഭാവന നല്‍കിയതിനാണ് പുരസ്കാരം നല്‍കുന്നതെന്ന് കെ.എം.സി.സി. ഭാരവാഹികള്‍ അറിയിച്ചു. 50,001 രൂപയും ഫലകവുമടങ്ങുന്ന പുരസ്കാരം ഒക്ടോബറില്‍ ദുബായിയില്‍ വിതരണം ചെയ്യും.
ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി ടി.ആര്. ഹനീഫ്, അബ്ദുല്ല ആറങ്ങാടി, കെ.പി. അബ്ബാസ് കളനാട്, ഹസൈനാര്‍ ബീജന്തടുക്ക എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.