എറണാകുളം: സീറോ മലബാർ സഭയുടെ സിനഡ് സമ്മേളനത്തിന് ഇന്ന് കൊച്ചിയിൽ തുടക്കം. ബഫർ സോൺ, കുർബാനയുടെ പരിഷ്കരണം തുടങ്ങി വിവിധ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യും. രണ്ടാഴ്ച നീളുന്ന സമ്മേളനം കാക്കനാടാണ് നടക്കുക.
ഭൂമി വിൽപ്പന വിവാദവും കുർബാനയുടെ പരിഷ്കരണവുമായി ബന്ധപ്പെട്ട തർക്കങ്ങളും കത്തിപ്പടരുന്നതിനിടെയാണ് 30-ാമത് സിനഡിന്റെ രണ്ടാം ഘട്ടം. ആകെ 61 മെത്രാൻമാരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. കാർഷിക പ്രശ്നങ്ങളാണ് സിനഡിന്റെ പ്രധാന അജണ്ട. എറണാകുളം അങ്കമാലി അതിരൂപതയും സിനഡും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും ചർച്ചയാകും. അതിരൂപത സംരക്ഷണ സമിതി വിവിധ വിഷയങ്ങളിൽ സിനഡിന് സമർപ്പിച്ച മെമ്മോറാണ്ടവും പരിശോധിക്കും.
അതേസമയം, സീറോ മലബാർ സഭാ ഭൂമിയിടപാട് കേസിൽ ഹൈക്കോടതി ഉത്തരവിനെതിരെ കർദിനാൾ മാർ ജോർജ് ആലഞ്ചേരി അടക്കമുള്ളവർ നൽകിയ ഹർജികൾ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സീറോ മലബാർ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലവും കോടതി പരിഗണിക്കും. കേസിൽ കക്ഷി ചേരാൻ സമർപ്പിച്ച ഹർജികളും ഇന്ന് പരിഗണിക്കും.