അബുദാബി: ഭൂകമ്പം ബാധിച്ച സിറിയക്കായി 50 മില്യൺ ഡോളർ അധിക സഹായം പ്രഖ്യാപിച്ച് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. മൊത്തം സംഭാവനയുടെ 20 ദശലക്ഷം ഡോളർ സിറിയയിലെ മാനുഷിക പദ്ധതികൾക്കായി നീക്കിവയ്ക്കും.
യുഎൻ ഓഫീസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്സുമായി ഏകോപിപ്പിച്ചാണ് സംഭാവന നൽകുക. സിറിയൻ ജനതയെ പിന്തുണയ്ക്കുന്നതിനും ദുരിതബാധിതർക്ക് സഹായം നൽകുന്നതിനുമുള്ള യുഎഇയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കാമെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞയാഴ്ച ഇരു രാജ്യങ്ങളും 100 ദശലക്ഷം ഡോളർ സഹായം തുർക്കിക്കും സിറിയയ്ക്കും തുല്യമായി വിഭജിച്ച് നൽകുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വഴി 50 മില്യൺ ദിർഹത്തിന്റെ മാനുഷിക സഹായവും നിർദ്ദേശിച്ചു. ദുരിതബാധിതരെ സഹായിക്കാൻ യുഎഇ 66 ദുരിതാശ്വാസ വിമാനങ്ങളും 1,461 ടൺ അവശ്യ സാധനങ്ങളും എത്തിച്ചിരുന്നു.