ചണ്ഡീഗഡ്: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂർണമെന്റിൽ കേരളം രണ്ടാം തോൽവി ഏറ്റുവാങ്ങി. ക്യാപ്റ്റൻ സഞ്ജു സാംസൺ വീണ്ടും നിരാശപ്പെടുത്തി. മഹാരാഷ്ട്രയോട് 40 റണ്‍സിനാണ് കേരളം തോറ്റത്. ആദ്യ മൂന്ന് കളികളിലെ തുടർ വിജയങ്ങൾക്ക് ശേഷമുള്ള കേരളത്തിന്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്.
ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്ര 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് നേടിയപ്പോൾ കേരളത്തിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 127 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 68 പന്തിൽ എട്ട് ഫോറും ഏഴ് സിക്സും പറത്തിയ റുതുരാജും 31 റൺസ് നേടിയ പവൻ ഷായും ഒഴികെ മറ്റാരും മഹാരാഷ്ട്രയ്ക്കായി തിളങ്ങിയില്ല.
ഓപ്പണിങ് വിക്കറ്റിൽ പവൻ ഷായും റുതുരാജും ചേർന്ന് 84 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ റുതുരാജ് മഹാരാഷ്ട്രയ്ക്ക് മികച്ച സ്കോർ ഉറപ്പാക്കി. കേരളത്തിന് വേണ്ടി സിജോമോൻ ജോസഫ് മൂന്ന് വിക്കറ്റ് ആണ് വീഴ്ത്തിയത്.

 
