കൊച്ചി: സ്വർണക്കടത്ത് കേസിൽ സ്വപ്നയുടെ മൊഴി പകർപ്പ് കസ്റ്റംസ് കോടതിയിൽ ഹാജരാക്കി.മൊഴിയിൽ ഉന്നത-രാഷ്ട്രീയ ബന്ധങ്ങളും വ്യക്തമാക്കുന്നതായി സൂചന. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള അഡീഷണൽ സി ജെ എം കോടതിയിലാണ് കസ്റ്റംസ് സ്വപ്ന സുരേഷിൻ്റെ മൊഴി പകർപ്പ് നൽകിയത്. കസ്റ്റംസിൻ്റെ ചോദ്യം ചെയ്യലിൽ സ്വർണക്കടത്തിന് സഹായിച്ച ഉന്നതരെ കുറിച്ചുള്ള വിവരങ്ങൾ സ്വപ്ന വെളിപ്പെടുത്തിയിരുന്നു. സ്വർണക്കടത്തിലെ കൂട്ടാളികളെ കുറിച്ചുള്ള വിവരങ്ങളും, കടത്തിയ മാർഗ്ഗങ്ങളുമെല്ലാം വിശദീകരിക്കുന്ന മൊഴി കേസിൽ നിർണായകമാണ്. ഈ മൊഴിയിൽ ഉറച്ചു നിൽക്കുമെന്നും, മൊഴി മാറ്റാനുള്ള സമ്മർദ്ദങ്ങൾ ഉണ്ടായേക്കുമെന്നും ചൂണ്ടിക്കാട്ടി സ്വപ്നയുടെ ആവശ്യപ്രകാരമാണ് നടപടി. കസ്റ്റംസ് നിയമത്തിലെ 108ാം വകുപ്പ് അനുസരിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥർ രേഖപ്പെടുത്തുന്ന മൊഴി മജിസ്ട്രേറ്റിന് നൽകുന്ന മൊഴിക്ക് സമാനമാണ്. സ്വർണ്ണ കടത്തിൽ സഹായം ചെയ്ത ഉന്നത രാഷ്ട്രീയക്കാരെ കുറിച്ചുള്ള സ്വപ്നയുടെ മൊഴി ഇതോടെ പല രാഷ്ട്രീയക്കാരുടെയും ഉറക്കം കെടുത്തുന്നു.
റിപ്പോർട്ട് – അരുൺകുമാർ