കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ റാമ്പ് പൂട്ടിയിട്ടതുമൂലം പടികള്‍ കയറിയ ശ്വാസംമുട്ടലുള്ള രോഗി മരിച്ച സംഭവത്തില്‍ രണ്ട് ആശുപത്രി ജീവനക്കാര്‍ക്ക് സസ്പെന്ഷന്. ഗ്രേഡ് 2 വിഭാഗത്തിലുള്ള ജീവനക്കാര്‍ക്കെതിരേയാണ് നടപടി. വകുപ്പുതല അന്വേഷണത്തിനും തീരുമാനമായിട്ടുണ്ട്. നെടുവത്തൂര്‍ കുറുമ്പാലൂര്‍ അഭിത്ത് മഠത്തില്‍ വി. രാധാകൃഷ്ണനാണ് വെള്ളിയാഴ്ച രാത്രി രണ്ടോടെ മരിച്ചത്. നടപടി നേരിട്ട ജീവനക്കാരില്‍ ഒരാള്‍ കാഷ്വാലിറ്റിയില്‍ വീല്‍ചെയറിന്റെ ചുമതലയുള്ള ആളും മറ്റേയാള്‍ മെയില്‍ മെഡിക്കല്‍ വാര്‍ഡില്‍ വീല്‍ചെയറിന്റെ ചുമതല ഉള്ളയാളുമാണ്. ഇരുവര്‍ക്കും വീഴ്ചയുണ്ടായിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
സംഭവം വിവാദമായതിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടത്. ആശുപത്രി സൂപ്രണ്ട് ഡോ. സുനില്‍കുമാറിനാണ് അന്വേഷണത്തിന്റെ ചുമതല. വിഷയവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, പ്രാഥമിക വിവരങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ രണ്ടു ജീവനക്കാരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി കണ്ടെത്തി. ഇതോടെയാണ് രണ്ടുപേരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട അന്വേഷണ നടപടികള്‍ തുടരും. തിങ്കളാഴ്ച വിശദമായ മൊഴിയെടുപ്പ് നടത്താനും പരാതിക്കാരെ വിളിച്ചുവരുത്തി വിശദമായി കാര്യങ്ങള്‍ ചോദിച്ചറിയാനുമാണ് തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ ഡോ. സുനില്‍കുമാര്‍ വിശദമായ റിപ്പോര്‍ട്ട് ഡി.എം.ഒയ്ക്ക് കൈമാറും.