നെടുമങ്ങാട്: മുഖം മറയ്ക്കുന്ന പര്‍ദ്ദ ധരിച്ചെത്തി ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരിയുടെ മാല കവര്‍ന്ന സംഭവത്തില്‍ പ്രതി അറസ്റ്റില്‍. തൊളിക്കോട് വില്ലേജില്‍ പണ്ടാരവിളാകം തോട്ടരികത്ത് വീട്ടില്‍ മാലിനി (46)യാണ് അറസ്റ്റിലായത്.മുളകുപൊടി എറിഞ്ഞാണ് മാല കവര്‍ന്നത്. നെടുമങ്ങാട് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിനു മുന്‍വശത്തെ ബ്ലൂബെറി ബ്യൂട്ടിപാര്‍ലറില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.കണ്ണുകള്‍ മാത്രം പുറത്തുകാണത്തക്ക രീതിയില്‍ ശിരോവസ്ത്രം ധരിച്ച ഒരു സ്ത്രീ വന്ന് മുഖം മിനുക്കണെമന്നു പറഞ്ഞു. ജോലികഴിഞ്ഞപ്പോള്‍ തന്റെ നാത്തൂന്റെ കൈയിലാണ് പണമെന്നും അവര്‍ വരുന്നതു വരെ കാത്തിരിക്കാമെന്നും പറഞ്ഞു. ഇതിനിടെ, ഈ സ്ഥാപനത്തിലെ ജോലിക്കാരിയായ ആനാട് വടക്കേലെ മൈലമൂട്ട് വീട്ടില്‍ ബി.ശ്രീക്കുട്ടിയുടെ മാല പിടിച്ചുനോക്കുകയും സ്വര്‍ണമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. തുടര്‍ന്ന് രണ്ടുമണിയോടെ ആരുമില്ലാതിരുന്ന സമയത്ത് മാലിനി ബാഗില്‍നിന്ന് മുളകുപൊടിയെടുത്ത് ശ്രീക്കുട്ടിയുടെ മുഖത്തെറിഞ്ഞു. മാല പൊട്ടിച്ചെടുത്തു കടന്നുകളയാന്‍ ശ്രമിച്ചു.
കണ്ണില്‍ മുളകുപൊടി വീണ ശ്രീക്കുട്ടി നിലവിളിച്ചുകൊണ്ട് സ്ഥാപനത്തിന്റെ മുന്‍വശത്തെ ചില്ലുവാതില്‍ പൊട്ടിച്ചു പുറത്തിറങ്ങി നിലവിളിച്ചു. പരിസരത്തുള്ള കടക്കാരും നാട്ടുകാരും ചേര്‍ന്ന് മാലിനിയെ തടഞ്ഞുവെച്ചു. തുടര്‍ന്ന് നെടുമങ്ങാട് സ്റ്റേഷനില്‍ എത്തിച്ചു.