തെന്നിന്ത്യയിൽ വലിയ ആരാധകവൃന്ദമുള്ള സൂര്യ വെള്ളിത്തിരയിൽ 25 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. 25 വർഷങ്ങൾക്ക് ശേഷവും ദേശീയ അവാർഡുകളും കൈനിറയെ ചിത്രങ്ങളും ഉൾപ്പെടെയുള്ള ബഹുമതികളോടെയാണ് തമിഴ്നാട്ടിൽ താരം യാത്ര തുടരുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളെ വളരെ മനോഹരവും അനുഗ്രഹീതവുമായ 25 വർഷങ്ങൾ എന്നാണ് സൂര്യ വിശേഷിപ്പിച്ചത്. താൻ എപ്പോഴും സ്വപ്നം കാണുകയും വിശ്വസിക്കുകയും ചെയ്യുന്നുവെന്ന് സൂര്യ ട്വിറ്ററിൽ കുറിച്ചു.
സൂര്യ എന്ന കഥാപാത്രമായാണ് താരം ആദ്യമായി കാമറയ്ക്ക് മുന്നിലെത്തിയത്. ‘നേറുക്ക് നേർ’ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ബാല സംവിധാനം ചെയ്ത ‘നന്ദ’യിലൂടെയാണ് അദ്ദേഹം ശ്രദ്ധ നേടിയത്. ‘വാരണം ആയിരം’, ‘അയാൻ’, ‘സിങ്കം’, ‘സിങ്കം 2’, ‘ഗജിനി’, ‘കാക്ക കാക്ക’, ‘സൂരറൈ പോട്രു’, ‘ജയ് ഭീം’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ നിര തന്നെ സൂര്യയുടേതാണ്.
സൂര്യ ഇപ്പോൾ തന്റെ കരിയറിലെ 42-ാമത്തെ ചിത്രത്തിലാണ് അഭിനയിക്കുന്നത്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ബിഗ് ബജറ്റ് ആക്ഷൻ ചിത്രമാണ്. സൂര്യയും വെട്രിമാരനും ഒന്നിക്കുന്ന ‘വാടിവാസൽ’ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ്. ഡിസംബറിൽ ചിത്രം പ്രദർശനത്തിനെത്തുമെന്നാണ് റിപ്പോർട്ടുകൾ. സൂരറൈ പോട്രിനു ശേഷം സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിലും സൂര്യ അഭിനയിക്കുന്നുണ്ട്.