തിരുവനന്തപുരം: സി.പി.എം വനിതാ നേതാക്കൾക്കെതിരായ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ പ്രസ്താവന അദ്ദേഹത്തിന്റെ സംസ്കാരമാണ് കാണിക്കുന്നതെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. പ്രസ്താവനയിൽ കേസെടുക്കണമോയെന്ന് ബന്ധപ്പെട്ടവർ തീരുമാനിക്കട്ടെ. ഈ പ്രസ്താവന പോലും പ്രതിപക്ഷം സി.പി.എമ്മിനെതിരെ തിരിച്ചുവിടുകയാണെന്നും അദ്ദേഹം പറഞ്ഞു. കെ സുരേന്ദ്രനെതിരെ സി.പി.എമ്മിൽ ആരും പ്രതികരിക്കാത്തതിനെതിരെ കോൺഗ്രസിലെ യുവനേതാക്കൾ രംഗത്തെത്തിയിരുന്നു.
അതേസമയം, സി.പി.എം വനിതാ നേതാക്കളെ അപമാനിച്ചതിൽ സുരേന്ദ്രൻ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു.
തൃശൂരിൽ മഹിളാ മോർച്ച സംഘടിപ്പിച്ച സ്ത്രീശക്തി പരിപാടിയിലാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ വിവാദ പ്രസ്താവന നടത്തിയത്. സി.പി.എമ്മിന്റെ വനിതാ നേതാക്കൾ പണം അടിച്ചുമാറ്റി തടിച്ചുകൊഴുത്തെന്നും എന്നിട്ട് കേരളത്തിലെ സ്ത്രീകളെ കളിയാക്കുകയും ചെയ്യുകയാണെന്നുമാണ് സുരേന്ദ്രൻ പറഞ്ഞത്. കേന്ദ്രം നൽകുന്ന ആനുകൂല്യങ്ങളുടെ പേരിൽ സംസ്ഥാന സർക്കാർ മേനി പറയുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു.