ന്യൂഡൽഹി: ടീസ്ത സെതല്‍വാദ് കേസിൽ ഗുജറാത്ത് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ടീസ്റ്റയെ രണ്ട് മാസം കസ്റ്റഡിയിൽ വച്ചിട്ടും എന്തുകൊണ്ട് കുറ്റപത്രം സമർപ്പിച്ചില്ലെന്ന് കോടതി ചോദിച്ചു. ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങൾ കൊലപാതകം പോലെ ഗൗരവമുള്ളതല്ലെന്ന് കോടതി നിരീക്ഷിച്ചു. സാകിയ ജഫ്രി കേസ് തള്ളിക്കൊണ്ട് കോടതി നടത്തിയ നിരീക്ഷണങ്ങൾ മാത്രമാണ് എഫ്ഐആറിലുള്ളത്. ജാമ്യം അനുവദിക്കുന്നത് തടയുന്ന കുറ്റങ്ങളൊന്നും എഫ്.ഐ.ആറിൽ ഇല്ലെന്നും കോടതി നിരീക്ഷിച്ചു.
ടീസ്റ്റയ്ക്ക് ഇടക്കാല ജാമ്യം അനുവദിക്കുമെന്ന് സൂചന നൽകിയ ചീഫ് ജസ്റ്റിസ് യു.യു ലളിത് അദ്ധ്യക്ഷനായ ബെഞ്ച് നാളെയും ജാമ്യാപേക്ഷ പരിഗണിക്കും. 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്നാരോപിച്ച് രണ്ട് മാസം മുമ്പാണ് ഗുജറാത്ത് പോലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) സെതൽവാദിനെ കസ്റ്റഡിയിലെടുത്തത്. ടീസ്റ്റയുടെ എൻജിഒയുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.
2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ടീസ്ത അടിസ്ഥാനരഹിതമായ വിവരങ്ങൾ പങ്കുവെച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപിച്ചിരുന്നു. ടീസ്റ്റയുടെ എൻജിഒയിലെയും ബിജെപിയിലെയും അംഗങ്ങൾക്കെതിരെ പോലീസ് സ്റ്റേഷനുകളിൽ വ്യാജ പരാതി നൽകിയെന്നും അമിത് ഷാ ആരോപിച്ചു.