ന്യൂഡല്‍ഹി: മീഡിയ വൺ പ്രക്ഷേപണ വിലക്ക് ചോദ്യം ചെയ്തുള്ള ഹർജികളിൽ വാദം കേൾക്കുന്നത് സുപ്രീം കോടതി മാറ്റിവെച്ചു. അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം നടരാജ് മറ്റൊരു കേസുമായി ബന്ധപ്പെട്ട തിരക്കിലായതിനാൽ ഹർജി പരിഗണിക്കുന്നത് ഒരാഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്ന് കേന്ദ്രം സുപ്രീം കോടതിയോട് അഭ്യർത്ഥിച്ചിരുന്നു. ഈ ആവശ്യം പരിഗണിച്ച് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ഹർജി പരിഗണിക്കുന്നത് മാറ്റിവച്ചു.
ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ചിന് മുന്‍പാകെ മറ്റൊരു കേസില്‍ കെ.എം. നടരാജ് ഹാജരാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതി രജിസ്ട്രാര്‍ക്ക് കത്ത് നല്‍കിയത്. ജസ്റ്റിസ് ഗുപ്തയുടെ കോടതിയില്‍, നടരാജ് ഹാജരാകുന്ന കേസില്‍ നേരത്തെ വാദം കേള്‍ക്കല്‍ ആരംഭിച്ചതാണെന്നും അത് ഇപ്പോഴും തുടരുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് കത്ത് നല്‍കിയിരുന്നത്. അതിനാല്‍ ഹര്‍ജി പരിഗണിക്കുന്നത് ഒരാഴ്ചത്തേക്ക് മാറ്റി വെക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിരുന്നു
ഹർജിക്കാരായ മീഡിയ വൺ ഉടമകൾക്കും ചാനൽ എഡിറ്റർക്കും വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ, അഭിഭാഷകൻ ഹാരിസ് ബീരാൻ എന്നിവർ സർക്കാരിന്റെ ഈ ആവശ്യത്തെ എതിർത്തു. സുപ്രധാനമായ ഈ കേസിൽ ഇന്ന് വാദം കേൾക്കുമെന്ന് കോടതി പറഞ്ഞെങ്കിലും ഒടുവിൽ സർക്കാരിന്റെ അഭ്യർത്ഥന അംഗീകരിക്കുകയായിരുന്നു. അടുത്തയാഴ്ച വളരെ തിരക്കുള്ളതിനാൽ കേസ് അതിന്റെ അടുത്തയാഴ്ച പരിഗണിക്കാമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.