
ദില്ലി: ബീഹാറിലെ തീവ്രവോട്ടർ പരിഷ്ക്കരണത്തിൽ ആധാർ കാർഡിനെ തിരിച്ചറിയൽ രേഖയായി പരിഗണിക്കാൻ സുപ്രീംകോടതി നിർദ്ദേശം. ഇതുസംബന്ധിച്ച് ഉത്തരവിറക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി നിർദ്ദേശിച്ചു. എന്നാൽ ആധാറിനെ പൌരത്വരേഖയായി കണക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. കേരളത്തിലടക്കം എസ്ഐആർ നടപ്പാക്കണമെന്ന ഹർജിയിൽ സുപ്രീംകോടതി നോട്ടീസ് അയച്ചു.
വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനടക്കം ആധാർ കാർഡ് രേഖയായി സ്വീകരിക്കണമെന്നാണ് ജൂലായ് 10 ന് സുപ്രീംകോടതി ഉത്തരവിട്ടത്. എന്നാൽ തെര.കമ്മീഷൻ ഇത് നടപ്പാക്കുന്നില്ലെന്ന് ആർജെഡി ഉൾപ്പെടെയുള്ള കക്ഷികൾ കോടതിയെ അറിയിച്ചു. ആധാര്‍ രേഖയായി സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് നല്‍കുയാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ബിഎൽഒ ആധാർ നൽകിയാലും മറ്റൊരു രേഖ കൂടി ആവശ്യപ്പെടുകയാണെന്നും ഹർജിക്കാർക്കായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. ഇതോടെയാണ് കോടതി ഇടപെടൽ. നേരത്തെയുള്ള 11 തിരിച്ചറിയല്‍ രേഖയ്ക്ക് പുറമെയാണ് ആധാര്‍ പന്ത്രാണ്ടമത്തെ രേഖയായി പരിഗണിക്കാൻ കോടതി നിർദ്ദേശിച്ചത്.
ഇതുസംബന്ധിച്ച് കമ്മീഷൻ ഉത്തരവിറക്കണം. തിരിച്ചറിയല്‍ രേഖയായി ഹാജരാക്കുന്ന ആധാറിന്റെ ആധികാരികത കമ്മീഷന് ഉദ്യോഗസ്ഥർക്ക് പരിശോധിക്കാം.ആധാർ പൗരത്വത്തിനുള്ള തെളിവായി കണക്കാക്കില്ലെന്നും കോടതി നിലപാട് ആവർത്തിച്ചു. വോട്ടർ പട്ടികയിൽ അനധികൃത കുടിയേറ്റക്കാരെ ചേർക്കാൻ ആഗ്രഹിക്കുന്നില്ലെന്നും, യഥാർത്ഥ പൗരന്മാർക്ക് മാത്രമേ വോട്ട് ചെയ്യാൻ അവകാശമുള്ളൂ എന്നും ജസ്റ്റിസുമാരായ സൂര്യ കാന്ത്, ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. അതെസമയം കേരളം അടക്കം അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ എസ്ഐആർ നടപ്പാക്കണമെന്ന ബിജെപി നേതാവ് ആശ്വനികുമാർ ഉപാധ്യയയായുടെ ഹർജിയിൽ സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് തേടി. ഈ മാസം 15ന് ഹർജി സുപ്രീംകോടതി വീണ്ടും പരിഗണിക്കും.