കൊച്ചി: ഭാഷാഭേദമെന്യെ ഏറ്റവും പ്രിയങ്കരനായ നടൻമാരിൽ ഒരാളാണ് രജനീകാന്ത്. പതിറ്റാണ്ടുകൾ നീണ്ട അഭിനയ ജീവിതത്തിൽ നിരവധി മികച്ച വേഷങ്ങൾ അദ്ദേഹം ഇതിനകം തന്നെ സിനിമാപ്രേമികൾക്ക് നൽകിയിട്ടുണ്ട്. പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്ന് തെളിയിച്ചുകൊണ്ട് അദ്ദേഹം ഇന്ത്യയിലെ ജനങ്ങളെ ഇന്നും ആശ്ചര്യപ്പെടുത്തുന്നു. ‘ജയിലർ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ് രജനി. ഇപ്പോഴിതാ കേരളത്തിലെത്തിയ താരത്തിന്റെ വീഡിയോകളും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ താരത്തിന്റെ വീഡിയോ ട്വിറ്റർ ഹാൻഡിലുകളിൽ ഒന്നടങ്കം പ്രചരിക്കുന്നുണ്ട്. ‘ജയിലർ’ എന്ന സിനിമയുടെ ചിത്രീകരണത്തിനാണ് താരം എത്തിയതെന്നാണ് റിപ്പോർട്ടുകൾ. ഗംഭീര വരവേൽപ്പോടെയാണ് മലയാളികൾ താരത്തെ സ്വീകരിച്ചത്. അദ്ദേഹം ഇപ്പോൾ ചാലക്കുടിയിലുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജയിലറിൽ മോഹൻലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ജയിലറിൽ ‘മുത്തുവേൽ പാണ്ഡ്യൻ’ എന്ന കഥാപാത്രത്തെയാണ് രജനീകാന്ത് അവതരിപ്പിക്കുന്നത്. നെൽസൺ ദിലീപ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രമ്യാ കൃഷ്ണനും ചിത്രത്തിൽ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 23 വർഷങ്ങൾക്ക് ശേഷം രജനീകാന്തും രമ്യാ കൃഷ്ണനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വിനായകൻ, കന്നഡ നടൻ ശിവരാജ് കുമാർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.