
മനാമ: 2024ലെ അവസാനത്തെ സൂപ്പർ മൂണിന് സാക്ഷ്യം വഹിക്കാൻ ബഹ്റൈൻ ഒരുങ്ങുന്നു. ഭൂമിയിൽനിന്ന് 3,57,000 കിലോമീറ്റർ അകലെ ദൃശ്യമാകുന്ന സൂപ്പർ മൂൺ പ്രതിഭാസം നാളെ ബഹ്റൈൻ്റെ ആകാശം ചുവപ്പിക്കും.
ഹിജ്റ വർഷം 1446ലെ റബീഉൽ താനിയിലെ പൗർണമി ദിനമായ നാളെയും വെള്ളിയാഴ്ചയും ദൃശ്യമാകുന്ന പൂർണചന്ദ്രനോടൊപ്പമായിരിക്കും ഈ ആകാശ വിസ്മയയ്ക്കാഴ്ചയെന്ന് ജ്യോതിശാസ്ത്ര ഗവേഷകൻ മുഹമ്മദ് ദെറ അൽ അസ്ഫൂർ പറഞ്ഞു.
നാളെ സൂര്യാസ്തമയത്തിന് തൊട്ടുമുമ്പ് വൈകുന്നേരം 5.04ന് ചന്ദ്രനുദിക്കും. പിറ്റേന്ന് രാവിലെ 6.26ന് അസ്തമിക്കും. ഒക്ടോബറിലെ പൗർണമി ‘വേട്ടക്കാരുടെ ചന്ദ്രൻ’ എന്ന പേരിലാണ് അറിയപ്പെടുന്നത്. വടക്കെ അമേരിക്കയിലെയും യൂറോപ്പിലെയും പുരാതന ഗോത്രങ്ങളിൽനിന്നാണ് ഈ പേര് വന്നതെന്നും അദ്ദേഹം പറഞ്ഞു.
