കൊല്ലം: നിലമേലിൽ സൂപ്പർമാർക്കറ്റ് ഉടമയെ മർദ്ദിച്ച സംഭവത്തിൽ സിഐടിയു പ്രവർത്തകർ അറസ്റ്റിൽ. പ്രേംദാസ്, രഘു, ജയേഷ്, സിനു, മോഹനൻ പിള്ള എന്നിവരാണ് അറസ്റ്റിലായത്. അതിക്രമിച്ച് കടക്കൽ, മർദ്ദനം, നിയമവിരുദ്ധമായി സംഘം ചേരൽ എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
യൂണിയൻ കോർപ് സൂപ്പർമാർട്ട് ഉടമ ഷാനിന് നേരെയാണ് ആക്രമണമുണ്ടായത്.
മുൻപ് ഒരു തൊഴിലാളിയുമായുണ്ടായ തർക്കമാണ് സംഘടിത ആക്രമണത്തിന് കാരണമെന്ന് ഷാൻ പറഞ്ഞു. ചുമട്ടുതൊഴിലാളികളുടെ ഗുണ്ടായിസം പതിവാണെന്നും അവർക്ക് പ്രാദേശിക നേതാക്കളുടെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കടയുടമയെ വലിച്ചിഴച്ച് തറയിലിട്ട് മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സംഭവം അന്വേഷിക്കുമെന്ന് സിഐടിയു കൊല്ലം ജില്ലാ സെക്രട്ടറി എസ് ജയമോഹൻ പറഞ്ഞു. തൊഴിലാളികളുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് കണ്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.