ന്യൂഡല്‍ഹി: രാജ്യത്ത് ഓണ്‍ലൈന്‍ വഴിയുള്ള പണമിടപാട് വര്‍ദ്ധിച്ചതോടെ തട്ടിപ്പും നാലിരട്ടിയായി കൂടിയിട്ടുണ്ട്. ഇത്തരത്തില്‍ വര്‍ദ്ധിച്ച തട്ടിപ്പില്‍ ഇപ്പോള്‍ കുടുങ്ങിയിരിക്കുന്നത് ബോളിവുഡ് താരം സണ്ണി ലിയോണാണ്. തന്റെ വ്യക്തിഗത വിവരങ്ങളും പാന്‍ കാര്‍ഡ് നമ്പറും ഉപയോഗിച്ച് ഫിന്‍ടെക് പ്ലാറ്റ്ഫോമായ ധനി സ്റ്റോക്സ് ലിമിറ്റഡില്‍ നിന്നും ആരോ വായ്പയെടുത്തെന്നാണ് സണ്ണി ലിയോണ്‍ പരാതി നല്‍കിയത്.
സണ്ണി ലിയോണ്‍ എന്ന വ്യാജേന 2000 രൂപയാണ് മോഷ്ടാവ് വായ്പ എടുത്തത്. താരത്തിന് ഇത് വലിയ സാമ്പത്തിക ബാദ്ധ്യത അല്ലെങ്കിലും തിരിച്ചടവ് മുടങ്ങിയത് താരത്തിന്റെ സിബില്‍ സ്കോറിനെ ബാധിച്ചതായി സണ്ണി ലിയോണ്‍ പറഞ്ഞു.
ധനി സ്റ്റോക്സ് ലിമിറ്റഡ് നേരത്തെ ഇന്ത്യാ ബുള്‍സ് സെക്യുരിറ്റീസ് ലിമിറ്റഡ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഈ കമ്പനിയെയും ഇന്ത്യാ ബുള്‍സ് ഹോം ലോണിനെയും ടാഗ് ചെയ്തുകൊണ്ടാണ് താരം താന്‍ തട്ടിപ്പിന് ഇരയായതായി ട്വീറ്റ് ചെയ്തത്. ഇന്ത്യാ ബുള്‍സ് ഗ്രൂപ്പ് ആണ് ധനി സ്റ്റോക്സിന്റെ ഉടമകള്‍. അഞ്ച് ലക്ഷം രൂപ വരെയുള്ള വിവിധ വായ്പകളാണ് ധനി സ്റ്റോക്സ് വാഗ്ദാനം ചെയ്യുന്നത്.
താരത്തിന്റെ ട്വീറ്റ് ശ്രദ്ധിക്കപ്പെട്ടതോടെ കമ്പനിയും സിബില്‍ അതോറിട്ടിയും പ്രശ്ന പരിഹാരവുമായി രംഗത്തെത്തി. താരത്തിന്റെ രേഖകളില്‍ നിന്ന് ഈ വ്യാജ ഇടപാടിന്റെ എന്‍ട്രികള്‍ ഇവര്‍ തിരുത്തി. സണ്ണി ലിയോണിന് ക്ലീന്‍ ചിറ്റ് നല്കി. തന്നെ പോലെ തട്ടിപ്പിന് ഇരയാകുന്ന മറ്റുള്ളവര്‍ക്കും ഇത്തരത്തില്‍ സഹായം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി താരം ട്വീറ്റ് ചെയ്തു.