ബസ് യാത്രക്കിടയില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന മോശമായ പെരുമാറ്റത്തിന് തടയിടാന്‍ ജില്ലാ ഭരണകൂടവും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി നടപ്പാക്കുന്ന മിന്നല്‍ പരിശോധനയ്ക്ക് തുടക്കം. ഓപ്പറേഷന് വിദ്യ എന്ന പേരില്‍ നടപ്പാക്കിയ പദ്ധതിയുടെ ആദ്യദിവസം പരിശോധനയ്ക്ക് വിധേയമാക്കിയത് 38 സ്വകാര്യ ബസുകള്‍. ആറ് മണിക്കൂര്‍ നീണ്ട പരിശോധനയില്‍ 12 വോളന്റിയര്‍മാര്‍ ബസുകളില്‍ യാത്ര ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തി ജില്ലാ റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പരിശോധന തുടരുമെന്നും ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് വ്യക്തമാക്കി.
വിദ്യാര്‍ത്ഥികളുടെ സുഗമമായ യാത്രയും അര്‍ഹമായ അവകാശങ്ങളും ഉറപ്പു വരുത്തുക, അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഓപ്പറേഷന് വിദ്യ ആവിഷ്കരിച്ചിരിക്കുന്നത്. ബസ് യാത്രക്കിടയില്‍ നേരിടുന്ന മോശമായ പെരുമാറ്റം, കണ്സഷന് നിഷേധം, വിവേചനം തുടങ്ങി നിരവധി പരാതികളാണ് ജില്ലാ ഭരണകൂടത്തിനും മോട്ടോര്‍ വാഹന വകുപ്പിനും ലഭിച്ചിട്ടുള്ളത്. ഇതേ തുടര്‍ന്നാണ് നെഹ്റു യുവകേന്ദ്രയില്‍ നിന്നുള്ള വോളന്റിയര്‍മാരുടെ സഹായത്തോടെ വിവര ശേഖരണത്തിന് പദ്ധതി തയാറാക്കിയത്. വോളന്റിയര്‍മാര്‍ ബസുകളില്‍ സഞ്ചരിച്ച് നേരില്‍ കണ്ട കാര്യങ്ങള്‍ ഇതിനു വേണ്ടി തയാറാക്കിയ പ്രത്യേക ഫോമില്‍ രേഖപ്പെടുത്തി അധികൃതര്‍ക്ക് കൈമാറുകയായിരുന്നു.